Politics
കോൺഗ്രസ് സ്ഥാനാർത്ഥി ഗുസ്തിതാരം വിനേഷ് ഫോഗട്ട് ജുലാനയില്‍ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. ബി.ജെ.പി സ്ഥാനാർഥിയായ യോഗേഷ് കുമാറിനെ 6015 വോട്ടുകള്‍ക്കാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ മുന്നേറിയ വിനേഷ് ഫോഗട്ട് പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ വിനേഷ് നേടിയ ലീഡ് ഒടുവില്‍ വിജയം കൈവരിക്കുവാൻ വിനേഷിനെ സഹായിച്ചു.
ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്ബിക്സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേർന്നു. വിനേഷിന്റെ സ്ഥാനാർഥിത്വത്തെ തുടർന്ന് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി ജുലാന മാറി. കർഷക രോഷവും ഗുസ്തി രോഷവും ആണ് മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടിയായത്.
ഭരണവിരുദ്ധ വികാരം അലയടിച്ചിരുന്ന ഹരിയാനയിൽ ഭരണം ഉറപ്പിച്ചിരുന്ന കോൺഗ്രസ് തുടക്കത്തിലെ ലീഡിൽ നിന്നും താഴേക്ക് പോവുകയാണ് ഉണ്ടായത്. കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി മൂന്നാമതും ഹരിയാനയിൽ അധികാരത്തിൽ കയറുന്ന കാഴ്ചയാണ് കാണുന്നത്. സീറ്റ് നില അനുസരിച്ച് ബിജെപി 50 സീറ്റിലും കോൺഗ്രസ് 35 സീറ്റിലും ആണ് വിജയിച്ചത്.