Crime News
തൃശ്ശൂരിലെ സ്വർണ്ണ കവർച്ചയിൽ മോഷ്ടാക്കൾ തട്ടിയെടുത്ത സിഫ്റ്റ് കാർ കണ്ടെത്തി; മോഷ്ടാക്കൾ ഉപയോഗിച്ച കാറുകളുടെ നമ്പറുകൾ വ്യാജം.
സ്വർണ്ണം തട്ടിയെടുക്കുവാനായി മോഷ്ടാക്കൾ എത്തിയ കാറുകളുടെ നമ്പറുകൾ വ്യാജമാണെന്ന് അന്വേഷണസംഘം പരിശോധനയിൽ കണ്ടെത്തി. മോഷ്ടാക്കൾ തട്ടിയെടുത്ത സ്വിഫ്റ്റ് കാർ പുത്തൂരിനടുത്തു ഒരു വർക്ക്ഷോപ്പിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. പീച്ചി പോലീസ് കാർ കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ 25നു രാവിലെ 11.25ന് ദേശീയപാതയിൽ വഴുക്കുംപാറ കല്ലിടുക്കിൽ വെച്ചാണ് സംഭവം നടന്നത്. കോയമ്പത്തൂരിലെ ആഭരണനിർമാണ ശാലയിലേക്ക് സ്വർണം പണിയിക്കാൻ കൊണ്ടുപോയ ശേഷം തൃശൂരിലെ ജുവലറിയിലേക്ക് മടങ്ങുകയായിരുന്നു അരുണും(38) റോജിയും(43). കാറിനുള്ളിൽ 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വർണമാലകൾ സുരക്ഷാകാരണങ്ങളാൽ ഒളിപ്പിച്ച നിലയിലായിരുന്നു. ദേശീയപാതയിലൂടെ വന്നിരുന്ന ഇവരുടെ വണ്ടിയെ 3 കാറുകൾ ഏറെനേരമായി പിന്തുടർന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോൾ ഇതിലൊരു കാർ പാഞ്ഞു മുന്നിൽ കയറി ഇവരെ തടഞ്ഞു. മുഖം മറച്ചായിരുന്നു പ്രതികൾ എത്തിയത്.
അരുണിന്റെയും റോജിയുടെ കഴുത്തിൽ കത്തിവച്ചു ഗുണ്ടാസംഘത്തിന്റെ കാറിലേക്കു പിടിച്ചുകയറ്റി. അരുൺ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു. സ്വർണം എവിടെയാണെന്ന് പറയാൻ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു. സ്വർണം സഹിതം കാറുമായി പ്രതികൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.