Sports
മൂന്നു ദിവസം മഴ കളിച്ച കളി രണ്ടു ദിവസം കൊണ്ട് സ്വന്തമാക്കി ടീം ഇന്ത്യ; ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകളും സജീവം
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. നാലാം ദിനം ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സില്‍ 233 റൺസിനു പുറത്താക്കിയ ഇന്ത്യ ടി20 മോഡലിൽ 9വിക്കറ്റിന് 285 റൺസ് അടിച്ചു ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാണ് ഉണ്ടായത്.
രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 146 ൽ പുറത്താക്കിയ ഇന്ത്യ വിജയലക്ഷ്യമായ 95 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ രോഹിത് ശര്‍മയേയും ശുഭ്മാന്‍ ഗില്ലിനെയും പുറത്താക്കി മെഹ്ദി ഹസന്‍ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും കീഴടങ്ങാതെ കോലിയും യശസ്വിയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റണ്‍സരികെ യശസ്വി വീണെങ്കിലും കോലിയും റിഷഭ് പന്തും ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.
അവസാന ദിവസമായ ഇന്ന് 2വിക്കറ്റിന് 28റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് ബാറ്റ്സ്മാൻമാരെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും അശ്വിനും ജഡേജയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. അര്‍ധസെഞ്ചുറി തികച്ച ഷദ്നാൻ ഇസ്ലാം(50) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോർ. ഇന്ത്യക്കായി രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ചത്.