Local News
പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ലോകത്തോട് വിട പറഞ്ഞു
വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജെൻസൺ മരണത്തിന് കീഴടങ്ങി. അല്പം നേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആയിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടം ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിൽ ആയിരുന്നു. ജെൻസൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നും ഡോക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയെയും മറ്റ് 8 പേരെയും ഉൾപ്പെടുന്ന അപകടത്തിൽ, ഒമിനി വാനും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത് . ഈ ദുരന്തത്തിൽ ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ലാവണ്യക്കും അവരുടെ മാതാപിതാക്കളെ, സഹോദരനെയും ദുരന്തത്തിൽ നഷ്ടമായിരുന്നു.
കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളാരംകുന്നിലെ വളവിൽ ആണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിൻ്റെ ആഘാതത്തിൽ വാനിൻ്റെ മുൻഭാഗം തകർന്നു.