Entertainment
ഞെട്ടലിൽ മലയാള ചലച്ചിത്രലോകം; ഓംപ്രകാശിന്റെ ലഹരിപാര്‍ട്ടിയിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും
അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച ലഹരിപാര്‍ട്ടിയിൽ ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്‍ എത്തിയതായി സംശയിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളും ലൈംഗികാതിക്രമ കേസുകളും തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് പുതിയ വാർത്ത വരുന്നത്. ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്തുവന്നത്തിന്റെ ഞെട്ടലിലാണ് മലയാള ചലച്ചിത്രലോകം.
കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലില്‍ നിന്നും കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ പോലീസ് പിടികൂടിയത്. കൊല്ലത്തെ പ്രമുഖ മരവ്യവസായിയായ ഷിഹാസിനെയും ഓംപ്രകാശിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഓംപ്രകാശിന്റെ അടുത്ത കൂട്ടാളിയാണ്. കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ ഇരുവരുടെയും പക്കൽനിന്നും പിടിച്ചെടുത്തതായാണ് വിവരം.
കുറഞ്ഞ അളവിലുള്ള കൊക്കെയ്‌നാണ് ഓംപ്രകാശില്‍നിന്ന് പോലീസ് സംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഹോട്ടല്‍മുറിയില്‍ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാര്‍ട്ടി നടന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു . തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിനിമാതാരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍മുറിയില്‍ എത്തിയതായി കണ്ടെത്തി. ഓംപ്രകാശിനെ കാണാനെത്തിയ രണ്ട് സിനിമാതാരങ്ങളില്‍ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയെകുറിച്ച് ഇതുപോലെയുള്ള വാർത്തകൾ മുൻപ് വന്നിട്ടുണ്ടെങ്കിലും നടി പ്രയാഗ മാർട്ടിന്റെ പേര് ഇതിൽ ഉൾപ്പെട്ടതിന്റെ ഞെട്ടലിലാണ് സിനിമലോകം. ഇരുപതോളം പേര്‍ കഴിഞ്ഞദിവസം നടന്ന പാർട്ടിയിൽ ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. മൂന്ന് മുറികളാണ് ഹോട്ടലില്‍ ഓംപ്രകാശ് ബുക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.