Sports
" സഞ്ജു സൂപ്പർ സെഞ്ചുറിയൻ ": ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ 61 റൺസിന്റെ കൂറ്റൻ ജയം
ഡർബൻ : സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ദക്ഷിണ ആഫ്രിക്കയുമായുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ ഗംഭീര വിജയം. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ട്വന്റി 20 പരമ്പരയുടെ അവസാന മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. 47 പന്തിലായിരുന്നു അന്ന് സെഞ്ച്വറി നേടിയത്. ഇന്നലത്തെ സെഞ്ച്വറിക്കും 47 പന്ത് തന്നെയാണ് സഞ്ജുവിനു വേണ്ടി വന്നത്. 50 പന്തിൽ 10 സിക്സറുകളും 7 ഫോറുകളുടെയും അകമ്പടിയോടെ സാംസൺ 107 റൺസ് എടുത്തു.33 റൺസെടുത്ത തിലക് വർമ്മയും 21 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും മാത്രമേ സഞ്ജുവിനു പുറമെ കാര്യമായ സംഭാവന നൽകിയുള്ളു. ദക്ഷിണ ആഫ്രിക്കൻ ബൗളേഴ്‌സ് സാംസൺ ഔട്ടായതിനു ശേഷം ഇന്ത്യൻ ബാറ്റെഴ്സിനെ വരിഞ്ഞു കെട്ടി അല്ലെങ്കിൽ 230 ന് അടുത്ത സ്കോർ എടുക്കാൻ ഇന്ത്യക്ക് സാധിച്ചേനെ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജരാൾഡ് കോറ്റ്സി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്ററെയും നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ സമ്മതിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കളി വരുതിയിലാക്കാൻ അവർക്ക് സാധിച്ചു.25 റൺസെടുത്ത ഹെൻറിച്ച് ക്‌ളാസ്സൻ ആണ് അവരുടെ ടോപ് സ്കോറർ.ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ടും അർഷദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.
സഞ്ജു സാംസൺ ആണ് പ്ലേയർ ഓഫ് ദി മാച്ച്. ട്വന്റി 20 യിൽ തുടർച്ചയായി 2 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നാലാമനും.
അടുത്ത മത്സരം സെന്റ്. ജോർജ്'സ് ഓവലിൽ നടക്കും.