Politics
അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചു; ഔദ്യോഗികമായി ലഫ്.ഗവര്‍ണര്‍ക്ക് കത്ത് കൈമാറി
11 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചു. മദ്യനയ അഴിമതി കേസിലടക്കം ജയിലില്‍ കിടന്നതിന്റെ തിരിച്ചടി മറികടക്കുന്നതിന്റെ ഭാഗമായാണ് രാജി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ രാജിക്കാര്യം കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുകയും ചെയ്തു. ഇതോടെ അതിഷിയെ അടുത്ത മുഖ്യമന്ത്രിയായി തീരുമാനിച്ച ശേഷമാണ് രാജി കത്ത് കൈമാറിയത്.ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് അതിഷിയെ അടുത്ത മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ഔദ്യോഗിക വസതിയില്‍ നിന്നും അരവിന്ദ് കേജ്‌രിവാളിനൊപ്പം അതിഷിയും മുഴുവന്‍ മന്ത്രിമാരും രാജി കത്ത് കൈമാറാന്‍ എത്തിയിരുന്നു. അതിഷിയുടെ സത്യപ്രതിഞ്ജയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.
അഴിമതിക്കെതിരെ പോരാടാന്‍ രൂപം നല്‍കി അഴിമതി കേസില്‍ തന്നെ ജയിലില്‍ കിടക്കേണ്ടി വന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാജി എന്ന പ്രഖ്യാപനം കേജ്‌രിവാള്‍ നടത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വൈകാരികമായ രാജി പ്രഖ്യാപനം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം അവശേഷിക്കെ പാര്‍ട്ടിയ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കേജ്‌രിവാളിന്റെ രാജി. ഇനി ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ സംഘടനയെ ശക്തിപ്പെടുത്താനും തന്റെ പേരിലുള്ള കളങ്കം മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കേജ്‌രിവാളിന്റെ നീക്കം.