Local News
ഗുരുവായൂരിൽ റെക്കോർഡ് കല്യാണം
ഗുരുവായൂർ: ഗുരുവായൂരിൻ്റെ ചരിത്രത്തില്‍ ആദ്യമായി 2024 സെപ്തംബര്‍ എട്ടിന് ഞായറാഴ്ച 400 ഓളം വിവാഹങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് എന്‍.കെ അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നഗരസഭ കാര്യലയത്തില്‍ വെച്ചായിരുന്നു യോഗം. ഞായറാഴ്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം പാലിക്കേണം. റോഡരികിലെ ടൂവീലര്‍ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. ഗുരുവായൂരില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ എല്ലാം തന്നെ പടിഞ്ഞാറെ നടയിലെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മായാ ബസ് സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് നടത്തേണ്ടതും വണ്‍വേ സമ്പ്രദായത്തില്‍ തിരികെ എത്തിച്ചേരുകയും വേണം. ചാവക്കാട് ഭാഗത്തുനിന്നുള്ള ബസുകള്‍ മുതുവട്ടൂര്‍ വഴി പടിഞ്ഞാറെ നടയിലെ മായാ ബന് സ്റ്റാന്റില്‍ എത്തിച്ചേരണം. കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മുതുവട്ടൂര്‍-പടിഞ്ഞാറെ നട-കൈരളി ജംഗ്ഷന്‍ വഴി ഔട്ടര്‍ റിംഗ് റോഡ് ചുറ്റി മായാ ബസ് സ്റ്റാന്റില്‍ എത്തിചേരണം. സ്വകാര്യ വാഹനങ്ങള്‍ നഗരസഭയുടെ ഔട്ടര്‍ റിംഗ് റോഡിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സെന്ററിലും കിഴക്കേനടയിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സെന്ററിലും മറ്റു പാര്‍ക്കിംഗ് കേന്ദ്രങ്ങളും വിനിയോഗിക്കേണ്ടതാണ്. ടൂറിസ്റ്റ് ബസുകള്‍ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹസ്മാരക പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്കിംഗ് ചെയ്യണം. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഗുരുവായൂര്‍ എ.സി.പി ടി.എസ് സിനോജ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ് മനോജ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.പി ഉദയന്‍, ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ ജി അജയ്കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു