inner-image

സൗരയൂഥത്തിന് പുറത്ത് ഭൂമിയേക്കാള്‍ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹം കണ്ടെത്തി അഹമ്മദാബാദ് ഫിസിക്കല്‍ റിസർച്ച്‌ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ. രാജസ്ഥാനിലെ മൗണ്ട് അബുവിലെ പിആർഎലിന്റെ 2.5 മീറ്റർ ദൂരദർശിനിയില്‍ ഘടിപ്പിച്ച പരസ്-2 സ്പെക്‌ട്രോസ്ഗ്രാഫ് ഉപയോഗിച്ചാണ് ടിഒഐ-6651ബി (TOI-6651b) എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്. സൂര്യനില്‍ നിന്ന് 690 പ്രകാശ വർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തിന് ശനിയോളം വലിപ്പമുണ്ട്. നെപ്ടൂണിയൻ മരുഭൂമി എന്ന് വിളിക്കുന്ന പ്രദേശത്ത് നിന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. നക്ഷത്രത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ശക്തമായ ചൂടും റേഡിയേഷനും കാരണം നെപ്ട്യൂണിന്റെ വലിപ്പമുള്ള ഗ്രഹങ്ങള്‍ക്ക് നിലനില്‍ക്കാൻ സാധിക്കാറില്ല. ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്ന നാലാമത്തെ ഗ്രഹമാണ് ടിഒഐ-6651ബി. നെപ്ട്യൂണിയൻ മരുഭൂമിയുടെ ഒരറ്റത്താണ് ടിഒഐ-6651ബി സ്ഥിതി ചെയ്യുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ടിഒഐ-6651ബി കേന്ദ്ര നക്ഷത്രത്തെ വലം വെക്കുന്നത്. 365 ദിവസമെടുത്താണ് ഭൂമി സൂര്യനെ ചുറ്റുന്നത്. നക്ഷത്രത്തോട് അത്രയേറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ക്ക് ശക്തമായ വികിരണങ്ങളും താപവും കാരണം വാതക അന്തരീക്ഷം നിലനിർത്താനാവില്ല. വാതകങ്ങള്‍ ഇല്ലാതാവുന്നതോടെ ശിലാ ഭാഗം മാത്രം അവശേഷിക്കും. ടിഒഐ-6651ബി യുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ടിഒഐ-6651ബി യുടെ പിണ്ഡത്തിന്റെ ഏകദേശം 87% പാറകളും ഇരുമ്ബും അടങ്ങിയ വസ്തുക്കളും ബാക്കിയുള്ള പിണ്ഡം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കനംകുറഞ്ഞ ആവരണവുമാണ്. ഈ ഗ്രഹത്തിന്റെ ഉപരിതല താപനില 1,500 ഡിഗ്രി കെല്‍വിൻ (ഏകദേശം 1,200 ഡിഗ്രി സെല്‍ഷ്യസ്) ആണ്. ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image