Politics
എഡിജിപി അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി, ആർഎസ്എസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല ഡിജിപിക്ക്
എഡിജിപി എം ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത് സംബന്ധിച്ചുകൊണ്ട് ഉടൻ യാതൊരു നടപടിയുണ്ടാകില്ല. എഡിജിപിയുടെ ആർ.എസ്.എസ് ബന്ധം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എൽ.ഡി.എഫ്. നിർണ്ണായക യോഗത്തിൽ വ്യക്തമാക്കി. അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന കാഴ്ചയാണ് ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ കണ്ടത്. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർ ജെ ഡി യും തീരുമാനത്തിൽ വിയോജിച്ചുവെങ്കിലും മുഖ്യമന്ത്രി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്.
എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. നേതാക്കൾ രംഗത്തെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നണിയോഗത്തിന് മുമ്പ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. ബിനോയ് വിശ്വവും എം.വി. ഗോവിന്ദനും എ.കെ.ജി. സെന്ററിൽ ചർച്ച നടത്തി. ആർ.ജെ.ഡി യോഗത്തിന് മുന്നോടിയായി എഡിജിപിയെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എഡിജിപി അജിത് കുമാർ തുടരുന്നതു മതേതര സർക്കാരിന് ചേർന്ന നടപടിയല്ലെന്ന് എൽ.ഡി.എഫ്. യോഗത്തിൽ വർഗീസ് ജോർജും പറഞ്ഞു. ആർ.എസ്.എസ് നേതാവിനൊപ്പം നടത്തിയ കൂടിക്കാഴ്ച ഗുരുതരമാണെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
സർക്കാരിന് നാണക്കേട് ഉണ്ടാക്കിയ ഈ വിഷയം മന്ത്രിസഭായോഗത്തിൽ സി.പി.ഐ. മന്ത്രിമാരടക്കമുള്ളവർ ആരും ഉന്നയിച്ചില്ല എന്നതും ശ്രദ്ധേയമായി.