Local News
വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാട്; പൊതുദർശനം , ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദിൽ
കല്ലടിക്കോട് (പാലക്കാട്): പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിച്ച നാലു വിദ്യാർഥികളുടെ മൃതദേഹം വീടുകളിൽ നിന്ന് പൊതുദർശനത്തിനായി എത്തിച്ചു. തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിലാണ് പൊതുദർശനം. തുടർന്ന് 10.30ന് ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പുലർച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), ആയിഷ (13) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്.
പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹങ്ങൾക്കു മുൻപിൽ ഉറ്റവരും നാട്ടുകാരും സങ്കടം അടക്കാനാവാതെ കരയുകയാണ്. പൊതുദർശനത്തിനുശേഷം തുപ്പനാട് ജുമാ മസ്ജിദിലാണു കുട്ടികളുടെ കബറടക്കം. പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി.എ.ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ എ.എസ്.ആയിഷ (13) എന്നിവർ മരിച്ചത്.