inner-image

ഇന്നലെ ലബനനില്‍ നടന്ന പേജര്‍ ആക്രമണത്തിന് ശേഷം പ്രതികരണവുമായി ഹിസ്‌ബുല്ല. ഇസ്രയേലിനോട് തീര്‍ച്ചയായും പ്രതികാരം ചെയ്യുമെന്നാണ് ഹിസ്‌ബുല്ല സായുധ സംഘത്തിന്റെ പ്രതിജ്ഞ.

ലബനനിലെ പേജര്‍ ആക്രമണങ്ങളില്‍ ഇന്നലെ  11 പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹിസ്‌ബുല്ലയുടെ ആരോപണം. രണ്ട് പേരും ഒരു പെണ്‍കുട്ടിയും മരിച്ചെന്നാണ് അവര്‍ അറിയിച്ചത്. ഹിസ്ബുല്ലയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യങ്ങൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പേജർ ആക്രമണം ഉണ്ടായത്.

പേജര്‍ ലബനനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് അതില്‍ സ്ഫോടകവസ്തുക്കള്‍ ഒളിച്ചുവച്ചതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. തയ്‌വാന്‍ നിര്‍മിതമാണ് ഗോള്‍ഡ്‌ അപ്പോളോ പേജറുകള്‍. ഈ പേജറിന്റെ ബാറ്ററിക്ക് അടുത്ത് ഒരു സ്വിച്ചുണ്ടായിരുന്നു. വിദൂര നിയന്ത്രണ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണിത്. ഈ രീതിയിലാണ് സ്ഫോടനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്പിലെ കമ്പനിയാണ് പേജര്‍ നിര്‍മിച്ചതെന്നും തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്നാണ് തയ്‌വാന്റെ മറുപടി.

പേജര്‍ ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് യുഎസ് പ്രതികരിച്ചിട്ടുണ്ട്. മുന്‍കൂട്ടി ഒരറിവും ആക്രമണത്തെ സംബന്ധിച്ച് ലഭിച്ചിരുന്നില്ലെന്നും യുഎസ് വ്യക്തമാക്കി. ഇസ്രയേലുമായി ഗാസയില്‍ യുദ്ധം ചെയ്യുന്ന ഹമാസും പ്രതികരിച്ചിട്ടുണ്ട്. പേജര്‍ ആക്രമണങ്ങള്‍ ഇസ്രയേലിനെ പരാജയത്തിലേക്ക് നയിക്കും എന്നാണ് ഹമാസ് പറഞ്ഞത്.

ഹമാസുമായി ഗാസയില്‍ ഇസ്രയേല്‍ തുടങ്ങിയ യുദ്ധം ലബനനിലേക്ക് വ്യാപിച്ചുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് പേജര്‍ ആക്രമണം. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴു മുതല്‍ ഹിസ്‌ബുല്ലയും ഇസ്രയേലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image