Local News
ഓണത്തിന്‍റെ കഥ അറിയാം.
മഹാബലി ചക്രവര്‍ത്തി തന്‍റെ പ്രജകളെ സന്ദര്‍ശിക്കുന്ന സവിശേഷസന്ദര്‍ഭത്തിന്‍റെ പ്രതീകമാണല്ലോ ഓണം. തിരുവോണനാളില്‍ തങ്ങളുടെ മഹാരാജാവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്കു മുഴുവനും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം ആഹ്ളാദഭരിതമായ കാലമാണ്.
വിളവെടുപ്പിന്‍റെ ഒരുത്സവമായും ഓണം അറിയപ്പെടുന്നുണ്ട്.
വീട്ടുമുറ്റങ്ങളില്‍ വര്‍ണ്ണാഭമായ വിവിധതരം പുഷ്പങ്ങള്‍ നിരത്തിയൊരുക്കുന്ന മനോഹരമായ പൂക്കളങ്ങള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ബോധമുണര്‍ത്തുന്നു - അതിനെയാണ് ഓണം പ്രതിനിധീകരിക്കുന്നത്. പുതുപുത്തന്‍ പട്ടുടവകളും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞൊരുങ്ങി ആഘോഷത്തിനു മാറ്റുകൂട്ടുന്ന സ്ത്രീജനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓണാഘോഷത്തിന്‍റെ ഓരോ ഭാഗവും കഴിഞ്ഞുപോയ ആ പൂര്‍വ്വകാലമഹിമയെക്കുറിച്ചുള്ള ഒരു സുഖസ്മരണയാണ്. വിഭവസമൃദ്ധമായ സദ്യയ്ക്കു പിന്നാലെ കൈകൊട്ടിക്കളിയും തുമ്പിതുള്ളലും കുമ്മാട്ടിക്കളി, പുലികളി തുടങ്ങിയ നാടന്‍ പ്രകടനങ്ങളുമെല്ലാം അരങ്ങേറുന്നു.
മഹാനായ അസുരസാമ്രാട്ടായിരുന്ന മഹാബലി പാതാളലോകത്തില്‍നിന്ന് തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുന്നതിന്‍റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്നതാണ് ഓണം.
പ്രഹളാദൻ്റെ പൗത്രനായ മഹാബലി ജ്ഞാനത്തെ ആദരിച്ചിരുന്ന അതിശക്തനും പണ്ഡിതനുമായ മഹാരാജാവായിരുന്നു. ഒരിക്കല്‍ മഹാബലി ഒരു യജ്ഞം ആചരിച്ചുകൊണ്ടിരിക്കെ, ഹ്രസ്വകായനും തേജസ്വിയുമായൊരു ബാലന്‍ യജ്ഞശാലയില്‍ പ്രവേശിച്ചു. ആചാരപ്രകാരം മഹാബലി ഈ തേജസ്വിയായ ചെറുപ്പക്കാരനെ സ്വാഗതം ചെയ്ത് അവനെന്താണു വേണ്ടതെന്നു ചോദിച്ചു. തന്‍റെ കാല്‍ച്ചുവടുകൊണ്ട് അളക്കാവുന്ന മൂന്നടി സ്ഥലം തരണമെന്നാണ് ആ ബാലന്‍ അപേക്ഷിച്ചത്.
ഈ അതിഥി സാക്ഷാല്‍ മഹാവിഷ്ണുവല്ലാതെ മറ്റാരുമല്ലെന്ന് തന്‍റെ ഗുരുവായ ശുക്രാചാര്യര്‍ അപായസൂചന നല്‍കിയിട്ടുപോലും ഗുരുവിനെ നിരാശപ്പെടുത്തിക്കൊണ്ട് മഹാബലി ഉടന്‍തന്നെ ബാലന്‍റെ അപേക്ഷ സ്വീകരിച്ചു.
ഓണത്തിന്‍റെ കഥ
ഐതിഹ്യപ്രകാരം, മൂന്നടി സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ട ഉടന്‍ വാമനന്‍ എന്നു പേരായ ആ കൊച്ചുബാലന്‍ ത്രിവിക്രമന്‍ എന്നറിയപ്പെടുന്ന ഭീമാകാരമായ രൂപമെടുത്തുകൊണ്ട് തന്‍റെ ആദ്യചുവടില്‍ ഭൂമിയെ മുഴുവനായും അളന്നു. അതിനുശേഷം രണ്ടാം ചുവടില്‍ ആകാശത്തെയും മുഴുവനായി അളന്നു. ഈ രണ്ടു ചുവടുകൊണ്ടുതന്നെ മഹാബലിയുടെ സാമ്രാജ്യം മുഴുവനായും - ഭൂമിയും ആകാശവും - അളക്കപ്പെട്ടുകഴിഞ്ഞു. മൂന്നാം ചുവട് എവിടെയാണു വെക്കേണ്ടതെന്ന് വാമനന്‍ മഹാബലിയോടു ചോദിച്ചു.
വിഷ്ണുഭക്തരില്‍വെച്ചേറ്റവും ശ്രേഷ്ഠനായ പ്രഹ്ലാദന്‍റെ പൗത്രനായ മഹാബലി ചക്രവര്‍ത്തി, മൂന്നാം ചുവടു വെക്കുവാനായി തികഞ്ഞ ഭക്തിയോടെയും സമര്‍പ്പണഭാവത്തോടെയും തന്‍റെ ശിരസ്സ് ആനന്ദപൂര്‍വ്വം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിന്‍റെ സമര്‍പ്പണഭാവത്തിന്‍റെ അംഗീകാരമെന്ന നിലയില്‍ മഹാവിഷ്ണു അദ്ദേഹത്തെ അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനായി വാഴിക്കാമെന്നനുഗ്രഹിച്ചുകൊണ്ട് പാതാളത്തിലേക്കു പറഞ്ഞയച്ചതോടൊപ്പം പാതാളത്തിന്‍റെ കവാടത്തിന് താന്‍ സ്വയം കാവല്‍ നില്‍ക്കുമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ പ്രജകളുടെ അപേക്ഷ മാനിച്ചുകൊണ്ട് മഹാവിഷ്ണു മഹാബലിക്ക് വര്‍ഷത്തിലൊരിക്കല്‍ പ്രജകളോടൊത്തുചേരുന്നതിനായി പാതാളത്തില്‍നിന്നും തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുവാനുള്ള അനുവാദം നല്‍കി. ആ ദിവസമാണ് ഓണമായി ആഘോഷിക്കപ്പെടുന്നത്.
ഒരു നിഗൂഢാര്‍ത്ഥം
വാമനാവതാരമെന്ന ഈ ഐതിഹ്യം പൗരാണികമാണ്, അതായത്, ഒരു നിഗൂഢസത്യത്തിന്‍റെ പ്രകാശനം - ചരിത്രപരമോ വൈജ്ഞാനികമോ ആയ സംഭവവികാസങ്ങളില്‍നിന്നുള്ള ഒരു ഗുണപാഠം ഒരു കഥയില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടത്. മഹാബലി മഹാനായൊരു അസുരസാമ്രാട്ടായിരുന്നു. ഭൂമിയില്‍ തനിക്കു കാണാവുന്നത്രത്തോളം വിസ്തൃതിയുടെ അധിപനായിരിക്കുകയും അജയ്യനായി ഗണിക്കപ്പെടുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹം അഹങ്കാരിയായിരുന്നു.
അഹങ്കാരമെന്നത് ഈ ഭൂമിയോളവും ആകാശത്തോളവും വളര്‍ന്നുവലുതാകുവാന്‍ കഴിവുള്ള ഒന്നാണ്. ഈ അഹങ്കാരത്തെ കീഴടക്കുന്നതിനായി ജ്ഞാനവും വിനയവും സഹായിക്കുന്നു. വാമനന്‍ ചെയ്തതുപോലെ, ലളിതമായ മൂന്നു ചുവടുകളിലൂടെ അഹങ്കാരത്തെ കീഴടക്കുവാന്‍ കഴിയും.
ഒന്നാം ചുവട്: ഭൂമിയെ അളക്കുക - ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഈ ഭൂമിയില്‍ ജീവിക്കുന്ന തന്നെപ്പോലുള്ള അസംഖ്യം ജീവജാലങ്ങളുടെ കേവലം എണ്ണമോര്‍ത്തുകൊണ്ടുതന്നെ വിനയശീലരായിരിക്കുക.
രണ്ടാം ചുവട്: ആകാശങ്ങളെ അളക്കുക - ആകാശത്തേക്കു നോക്കിക്കൊണ്ട് ഈ പ്രപഞ്ചത്തിലെ മറ്റു ലോകങ്ങളുടെ വ്യാപ്തിയും ബാഹുല്യവും, നമ്മള്‍ ഈ പ്രപഞ്ചത്തില്‍ എത്രമാത്രം നിസ്സാരമാംവിധം ചെറുതാണ് എന്നീ വസ്തുതകള്‍ ഓര്‍ത്തുകൊണ്ടുതന്നെ വിനയശീലരായിരിക്കുക.
മൂന്നാം ചുവട്: നിങ്ങളുടെ കൈപ്പത്തി സ്വന്തം ശിരസ്സിനുമേല്‍ വെക്കുക - ജീവജാലങ്ങളുടെ മാത്രമല്ല പ്രപഞ്ചത്തിന്‍റെതന്നെ, ജനനമരണങ്ങളുടെ പരിവൃത്തിയില്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതകാലയളവ് തീര്‍ത്തും തുച്ഛമാണെന്നും പ്രാപഞ്ചിക ക്രമീകരണത്തിന്‍റെ ബൃഹത്തായ ചിത്രത്തില്‍ നമ്മള്‍ വഹിക്കുന്ന പങ്ക് അതിലേറെ തുച്ഛമാണെന്നും അറിയുക, ബോധ്യപ്പെടുക.
ശ്രാവണമാസത്തിന്‍റെ പ്രാധാന്യം
ഓണാഘോഷം നടക്കുന്നത് ഭാരതീയ കാലഗണനപ്രകാരം ശ്രാവണനക്ഷത്രത്തിന്‍കീഴിലെ ശ്രാവണമാസത്തിലാണെന്നതിനാല്‍, ഓണം എന്നത് തിരുവോണം അഥവാ ശ്രവണം എന്നതിന്‍റെ ചുരുക്കപ്പേരാണ്. പഞ്ചാംഗപ്രകാരം ശ്രാവണമാസം ഉത്തരേന്ത്യയില്‍ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലും ദക്ഷിണേന്ത്യയില്‍ ആഗസ്റ്റ്-സപ്റ്റംബര്‍ മാസങ്ങളിലുമാണ് സ്വാഭാവികമായി വരുന്നത്. ഈ മാസത്തിലെ പൗര്‍ണ്ണമി ശ്രാവണനക്ഷത്രത്തിനെതിരെ വരുന്നതുകൊണ്ടാണ് ഈ മാസത്തെ ശ്രാവണമാസമെന്നു വിളിക്കുന്നത്.
ആകാശത്തിലെ മൂന്നു കാല്പാടുകള്‍
പാശ്ചാത്യ ജ്യോതിശാസ്ത്രത്തില്‍ പറയുന്ന അക്വില എന്ന നക്ഷത്രസമൂഹത്തിലെ ആള്‍ട്ടയര്‍ എന്നറിയപ്പെടുന്ന തിളക്കമാര്‍ന്ന നക്ഷത്രക്കൂട്ടമാണ് ശ്രാവണം. അതില്‍ ശ്രാവണനക്ഷത്രത്തിന്‍റെ ഇരുപാര്‍ശ്വങ്ങളിലായി ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്നു.
ഈ മൂന്നു നക്ഷത്രങ്ങളാണ് വാമനന്‍റെ ഭീമാകാരമായ ത്രിവിക്രമരൂപത്തിന്‍റെ മൂന്നു കാല്പാടുകളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശ്രാവണം എന്ന ഈ നക്ഷത്ര(ക്കൂട്ട)ത്തിന്‍റെ പേര് മഹാബലിയുടെയും വാമനന്‍റെയും ഐതിഹ്യവുമായി എന്തുതരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു നമ്മള്‍ ആശ്ചര്യപ്പെട്ടേക്കാം. ശ്രവണം എന്നാല്‍ ശ്രവിക്കല്‍ (കേള്‍ക്കല്‍), ഗൗനിക്കല്‍ എന്നാണര്‍ത്ഥം. (തന്‍റെ ഗുരുവിന്‍റെ ഉപദേശം, മുന്നറിയിപ്പ്, കേള്‍ക്കാതിരുന്ന) മഹാബലിയുടെ അനുസരണക്കേടിന്‍റെ അനന്തരഫലത്തെ ചിത്രീകരിക്കുന്ന ഈ മൂന്നു നക്ഷത്രങ്ങള്‍, സദുപദേശം കേള്‍ക്കുകയും ഗൗനിക്കുകയും ചെയ്യണമെന്ന ജാഗ്രതാനിര്‍ദ്ദേശം ജനങ്ങള്‍ക്കു നല്‍കുന്നതിനായി ആകാശത്തില്‍ നിരന്തരമായ ഒരോര്‍മ്മപ്പെടുത്തലെന്ന നിലയില്‍ സ്ഥിതിചെയ്യുന്നു.