inner-image

നിയമസഭയിൽ ഇന്ന് സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള നാടകീയ രംഗങ്ങൾ അരങ്ങേറി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ പോരാടിയതോടെ സഭ പ്രഷുബ്ധമായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും സഭയിൽ വൻ ബഹളമായതോടെ അടിയന്തര പ്രമേയ ചർച്ച പോലും നടത്താൻ കഴിയാതെ സഭ പിരിഞ്ഞു . മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അതി രൂക്ഷ ഭാഷയിലാണ് സഭയിൽ പരസ്പരം ആരോപണങ്ങളുന്നയിച്ചത്. മുഖ്യമന്ത്രി അഴിമതിക്കാരനെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് , മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും  ജനം ചിന്തിക്കുന്നത് എന്താണ് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും കുറ്റപ്പെടുത്തി. ചെകുത്താൻ വേദം ഓതും പോലെയാണ് അഴിമതിക്കെതിരായ പിണറായിയുടെ പരാമർശമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

                        ഇതിനു മറുപടിയായി രൂക്ഷഭാഷയിൽ മുഖ്യമന്ത്രിയും തിരിച്ചടിച്ചു. തന്നെ അഴിമതിക്കാരനാക്കിയാൽ ജനം വിശ്വസിക്കില്ലെന്നും സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. ഡയസിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു . മുഖ്യമന്ത്രിക്ക് പിന്നിൽ ഭരണപക്ഷം അണിനിരന്നു. മാത്യു കുഴൽനാടൻ ഉൾപ്പെടെയുവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പ്രതിഷേധം കടുത്തതോടെ ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടിവി കട്ട് ചെയ്തു. സഭയിൽ നടന്ന വാക്ക്പോര് സഭാ ടിവി സെൻസർ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image