Local News
മുണ്ടക്കൈ ദുരിത ബാധിതര്‍ക്ക് നൽകിയ ഭക്ഷ്യ വസ്തുക്കളിൽ പുഴുവരിച്ചതായി പരാതി
വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ചതെന്ന് പരാതി. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് ആക്ഷേപം.
സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും പ്രതിഷേധിച്ചു. ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഭക്ഷ്യവസ്തുക്കളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഭക്ഷ്യ കിറ്റുകൾ ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും ആണെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലകളക്ടറോട് റിപ്പോര്‍ട്ട് തേടി. ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനള്‍ നല്‍കിയ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.