Local News
കേരളം ബിൽ അടക്കണം; മുണ്ടക്കൈയിൽ വ്യോമസേന രക്ഷാ പ്രവർത്തനം നടത്തിയതിന്
മുണ്ടക്കൈ ദുരന്തഘട്ടത്തിൽ വ്യോമസേന രക്ഷാപ്രവർത്തനത്തിന് വന്നതിന്റെ ചെലവ് ഇനത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ നിധിയിൽനിന്ന് 153.47 കോടി രൂപ പിടിച്ചുപറിച്ച് മോദി സർക്കാർ. ഹെലികോപ്‌ടറുകൾക്കുള്ള എയർബിൽ ഇനത്തിൽ എസ്‌ഡിആർഎഫ് നിധിയിൽനിന്നാണ് പണം പിടിച്ചെന്ന് രാജ്യസഭയിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. ദുരന്ത പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട പാക്കേജ് കേന്ദ്രം നിഷേധിക്കുന്നതിനൊപ്പമാണ് ഭീമൻ തുക തട്ടിയെടുത്തത്.
സംസ്ഥാനം പ്രളയത്തിൽപ്പെട്ടപ്പോഴും വ്യോമസേനയുടെ ഹെലികോപ്‌ടർ ചെലവിനത്തിലും സഹായമായി നൽകിയ അരി, മണ്ണെണ എന്നിവയുടെ വിലയായും 290.74 കോടി രൂപ കേന്ദ്രസർക്കാർ പിടിച്ചിരുന്നു.
കേരളത്തിന്റെ എസ്‌ഡിആർഎഫ് നിധിയിൽ കഴിഞ്ഞ വർഷം ശേഷിച്ച 394.99 കോടിയും നടപ്പുവർഷത്തെ വിഹിതമായ 388 കോടിയും ചേർത്ത് 782.99 കോടി രൂപ ഉണ്ടായിരുന്നു. അത് മുണ്ടക്കൈ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. ഇതിൽനിന്നാണ് 153.47 കോടി പിടിച്ചത്. ഫലത്തിൽ ശേഷിക്കുന്ന തുക 629.52 കോടിയായി. നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം നൽകിയ റിപ്പോർട്ട് പരിശോധിച്ച ഉന്നതതല സമിതിയാണ് പണം പിടിക്കാൻ ശുപാർശചെയ്‌തത് മന്ത്രി പറഞ്ഞു.