inner-image

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ പകർപ്പവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും പ്രൊഡക്ഷൻ കമ്പനിയുമായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സും ലംഘിച്ചതായി പരാതി. ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ അരുൺ എആർ, ജസ്റ്റിൻ മാത്യു എന്നിവരാണ് ഹർജിയുമായി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ടോവിനോ തോമസിൻ്റെ ഹിറ്റ് ചിത്രം മിന്നൽ മുരളിയിലെ കഥപാത്രങ്ങളെ ഉപയോഗിച്ച് നിർമ്മിക്കാനിരുന്ന ‘മിന്നൽ മുരളി യൂണിവേഴ്സ്’ കോടതി താല്‍ക്കാലികമായി വിലക്കി. മിന്നൽ മുരളി നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആയിരുന്നു പുതിയ സംരംഭത്തിന് പിന്നിലും. കഥാപാത്രങ്ങളുടെ ‘സ്പിൻ ഓഫ്’ ഉൾപ്പെടെ വിവിധ ചേരുവകൾ ഉൾപ്പെടുത്തി പല സിനിമകൾ ചേരുന്ന മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമ്മാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു.

ഇതിലെ ആദ്യചിത്രമായ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ ധ്യാൻ ശ്രീനിവാസനെ കേന്ദ്രമാക്കി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഴുത്തുകാർ ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിൽ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് പശ്ചാത്തലമായ കുറുക്കൻമൂല എന്ന സാങ്കൽപ്പിക ഗ്രാമത്തെ പരാമർശിക്കുന്നുണ്ട്. സിനിമയുടെ കഥാപാത്രങ്ങളെ മറ്റൊരു ചിത്രത്തിനായി പുനര്‍നിര്‍മ്മിച്ചു, അതുപയോഗിച്ച് നടത്തിയ വാണിജ്യവൽക്കരണം, വിതരണം എന്നിവയ്‌ക്ക് എതിരെയായിരുന്നു ഹർജി.

മിന്നൽ മുരളിയുടെ കഥാപശ്ചാത്തലം ഉപയോഗിച്ച് പുതിയ സിനിമകൾ നിർമ്മിക്കാനുള്ള തീരുമാനം തങ്ങളുടെ അറിവോടെയല്ല. കഥാപാത്രങ്ങളുടെ പകർപ്പവകാശം മറ്റാർക്കും കൈമാറിയിട്ടില്ല. അതിനാൽ അതുപയോഗിച്ച് സ്പിൻ ഓഫുകളോ മറ്റ് നേട്ടങ്ങളോ ഉണ്ടാക്കാൻ ആർക്കും അവകാശമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച കോടതി വാണിജ്യ ആവശ്യങ്ങൾക്കായി ചിത്രത്തിലെ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നത് തടഞ്ഞ് ഇടക്കാല വിധി പുറപ്പെടുവിച്ചു.

മിന്നൽ മുരളി, ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ്ഐ സാജൻ, പിസി ഷിനോജ്, സിനിമയുടെ വില്ലൻ ഷിബു എന്നീ കഥാപാത്രങ്ങളുടെ പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് നടത്തുന്ന പ്രമോഷനുകൾ പകർപ്പവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അമർ ചിത്രകഥ, ടിങ്കിൾ കോമിക്സ് സ്റ്റുഡിയോ, സ്പിരിറ്റ് മീഡിയ എന്നിവയുമായി സഹകരിച്ച് മിന്നൽ മുരളിയെ കോമിക് പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി മിന്നൽ മുരളി ഈ വർഷം ആദ്യം ഒരു ഗ്രാഫിക് നോവലിലും പ്രത്യക്ഷപ്പെട്ടിരുന്നു. അമർ ചിത്രകഥ പ്രൈവറ്റ് ലിമിറ്റഡ്, സ്പിരിറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഡയറക്ടർ സോഫിയ പോൾ, മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

മലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’ നെറ്റ്​ഫ്ലിക്സിന്‍റെ ആഗോള ഹിറ്റ്​ ചാർട്ടിൽ ഇടംപിടിച്ച ചിത്രമായിരുന്നു. ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടോവിനോ തോമസ്​​ നായകനായ ചിത്രം 30 രാജ്യങ്ങളിലെ നെറ്റ്​ഫ്ലിക്​സ്​ ടോപ്​ 10ൽ എത്തിയിരുന്നു. 2021 ഡിസംബർ 24ന്​ ക്രിസ്മസ്​ റിലീസായാണ്​ ചിത്രം​ നെറ്റ്​ഫ്ലിക്​സ്​ റിലീസ് ചെയ്തത്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി) ആയി മാറുന്നതാണ്​ സിനിമയുടെ ഇതിവൃത്തം.

Ad Image Ad Image Ad Image Ad Image Ad Image Ad Image