Business & Economy
വെറും 6.79 ലക്ഷത്തിന്! കൊതിപ്പിക്കുന്ന വിലയില്‍ ഡിസയര്‍ വിപണിയില്‍
എല്ലാവരും ഒരേ പോലെ സ്വപ്‌നം കണ്ടിരുന്ന കാര്യമായിരുന്നു ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാർ. എന്നാല്‍ ഇതൊന്നും നടപ്പിലാവില്ലാത്ത ദുരാഗ്രഹം മാത്രമായിരിക്കുമെന്നാണ് എതിരാളികള്‍ പോലും കരുതിയിരുന്നത്.
എന്നാല്‍ ക്രാഷ് ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ട് മാരുതി സുസുക്കിയുടെ ആദ്യത്തെ വാഹനം യാഥാർഥ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റർനെറ്റ് ഭരിച്ച ഡിസയറിന്റെ (Maruti Dzire) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. വണ്ടിയുടെ ഡിസൈനും ഫീച്ചറുകളും എഞ്ചിനും മൈലേജുമെല്ലാം അവതരണത്തിന് മുമ്ബേ പ്രഖ്യാപിച്ച കമ്ബനി ആളുകളെയെല്ലാം കൈയിലെടുത്തിരുന്നു. ഇടിപ്പരീക്ഷയിലെ വിജയം വാഹനത്തിന്റെ വില കാത്തിരിക്കാനും കാരണമായി.
ഒടുവിലിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്‌ട് സെഡാൻ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളില്‍ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതല്‍ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒരു കുറ്റവും പറയാനില്ലാത്ത മാരുതിയുടെ കാറായി ഇനി ഡിസയർ വാഴുമെന്ന് ഉറപ്പാണ്.
ഈ വില 2024 ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമുള്ളതാണെന്നും കമ്ബനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതിന് ശേഷം വില കൂടിയേക്കാം. ഡിസയർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലും ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതിനായി പ്രതിമാസം 18,248 രൂപ മുടക്കിയാല്‍ മതിയാവുമെന്നാണ് കമ്ബനി പറയുന്നത്. മത്സരം എസ്‌യുവികളോട് ആയതിനാല്‍ മാരുതി രണ്ടും കല്‍പ്പിച്ചാണെന്ന് ഉറപ്പിക്കാം.
ഇനി വേരിയന്റ് തിരിച്ചുള്ള വില നോക്കിയാലോ? പെട്രോള്‍ എഞ്ചിനുമായി വരുന്ന ഡിസയർ LXi മാനുവലിന് 6.79 ലക്ഷം, VXi മാനുവലിന് 7.79 ലക്ഷം, VXi എഎംടിക്ക് 8.24 ലക്ഷം, ഡിസയർ ZXi മാനുവല്‍ 8.89 ലക്ഷം, ZXi എഎംടിക്ക് 9.34 ലക്ഷം, ZXi+ മാനുവലിന് 9.69 ലക്ഷം, ZXi+ എഎംടിക്ക് 10.14 ലക്ഷം എന്നിങ്ങനെയാണ് ഡിസയറിന് മുടക്കേണ്ടി വരുന്നത്.