inner-image

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image