inner-image

     മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിൽ വിനായകൻ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാവും വിനായകൻ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. ജിതിന്‍ തന്നെയാണ് തിരക്കഥ. പൃഥ്വിരാജ്, ടോവിനോ തോമസ്, ജോജു ജോർജ് എന്നിവരെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നതായും വിവരമുണ്ട്.

     മമ്മൂട്ടി കമ്പനി ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നടത്തുന്നത്, മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ്.ഒരിടവേളക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

     സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഷെഡ്യൂൾ നാഗർകോവിലിലാണ് ആരംഭിക്കുക . ചിത്രീകരണം ആരംഭിച്ചിട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യും എന്നാണ് വിവരം . സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും.

      അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image