Politics
സീറ്റ് വിഭജന ചർച്ചയിൽ ഏകദേശം ധാരണയായി മഹായുതി സഖ്യം ; കൂടുതൽ സീറ്റുകളിൽ ബിജെപി മത്സരിക്കും
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ മഹായുതിക്കുള്ളില്‍ സീറ്റ് വിഭജന ചർച്ചകളിൽ ധാരണയായതായി റിപ്പോര്‍ട്ട്. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപി 150 മുതല്‍ 155 സീറ്റുകളില്‍ മത്സരിക്കാൻ ധാരണയായതായി ന്യൂസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേന 90-95 സീറ്റുകളിലും എന്‍സിപി(അജിത് പവാർ വിഭാഗം) 40-45 സീറ്റുകളിലും മത്സരിക്കും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് സീറ്റ് വിഭജനം പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പില്‍ മേൽകൈ നേടാനാണ് മഹായുതി സഖ്യത്തിന്റെ ലക്ഷ്യം. ഭൂരിപക്ഷം സീറ്റുകളുടെയും വിഭജനം പൂര്‍ത്തിയായി എന്നും ഏകദേശം 25 സീറ്റുകളുടെ കാര്യത്തില്‍ വേണ്ടി വന്നാൽ വീണ്ടും യോഗം ചേരാനും സാധ്യതയുണ്ട്. മഹായുതി സഖ്യം നടത്തിയ സര്‍വേകള്‍ പരിഗണിച്ചാണ് സീറ്റ് വിഭജനം നടത്തുന്നത്.
സിറ്റിംഗ് എംഎല്‍എമാരുടെ കാര്യത്തില്‍ മാറ്റം ഉണ്ടാവാൻ സാധ്യത കുറവാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയില്‍ നിന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരില്‍ നിന്നും മൽസരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേനയും എന്‍സിപിയും പിളര്‍ന്ന് ഇത്തവണ പരസ്പരം ഏറ്റുമുട്ടുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വലിയ പ്രത്യേകത.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹായുതി സഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ആകെയുള്ള 48 സീറ്റില്‍ 17 സീറ്റില്‍ മാത്രമാണ് മഹായുതി സഖ്യത്തിന് ജയിക്കാനായത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് - ശിവസേന (യുബിടി) - എന്‍സിപി (എസ്പി) എന്നിവര്‍ ഉള്‍പ്പട്ടെ മഹാ വികാസ് അഘാഡിയാണ് 30 സീറ്റിലും ജയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാനത്ത് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍.ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്ക് 1,500 രൂപ നല്‍കുന്ന അവരുടെ ലഡ്കി ബഹിന്‍ യോജന ഉള്‍പ്പെടെ നിരവധി പൊതുക്ഷേമ നടപടികള്‍ അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം ഇതിനകം മൂന്നിലധികം ഗഡുക്കളായി തുക വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 2.5 കോടി സ്ത്രീകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറാഠാ വോട്ടര്‍മാര്‍ എന്‍ഡിഎയെ കൈവിട്ടിരുന്നു. ഒബിസി, ദളിത് വിഭാഗങ്ങൾ മഹാ വികാസ് അഘാഡിക്കൊപ്പമാണ് നിലകൊണ്ടത്. അതിനാല്‍ തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മഹായുതി സഖ്യത്തിന് അഗ്നി പരീക്ഷണമാണ്.