Health
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; രോഗം യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിക്ക്
ആരോഗ്യ രംഗത്ത് ആശങ്ക പരത്തി കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. മലപ്പുറത്താണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം എടവണ്ണ സ്വദേശി രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 38 കാരന്‍ ആശുപത്രിയിൽ എത്തിയത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനിയും ചിക്കൻപോക്സിന് സമാനമായ രീതിയിൽ കൈയിൽ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടർന്ന് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗത്തെക്കുറിച്ച് സംശയമുണ്ടായതിനെ തുടർന്ന് ഇയാളെ മുറിയിൽ അടച്ചിരിക്കുകയായിരുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളജുകളിലും ചികിത്സാ സൗകര്യവുമൊരുക്കിയിട്ടുണ്ട്.