Business & Economy, Entertainment
വിജയ് ചിത്രം 'ഗോട്ട് ' ആദ്യദിനത്തിൽ നേടിയ കളക്ഷൻ എത്ര? 'ലിയോ'നെ മറികടന്നോ...ബോക്സ് ഓഫീസ് കളക്ഷൻ പരിശോധിക്കാം
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ആഗോള തലത്തില്‍ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്റര്ടെയ്ന്മെന്റ്.
വിജയ്യെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ച് പല കാരണങ്ങളാല്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.
എന്നാല്‍ ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം കളക്ഷനില്‍ അത് ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല. വലിയ വിജയങ്ങള്‍ നേടാന്‍ കോളിവുഡ് പൊതുവെ ബുദ്ധിമുട്ടുമ്പോള്‍ ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ഗോട്ട്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിട്ടുള്ളത് 126.32 കോടിയാണ്! തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് ആണ് ഇത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ലിയോ ആദ്യ ദിനം നേടിയത് 148.5 കോടി ആയിരുന്നു. അതായത് ഗോട്ടിനേക്കാള്‍ 22 കോടി അധികം.