inner-image


        കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറിയേക്കുമെന്ന് സൂചന.ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും മികച്ച വിജയത്തിലേക്ക് നയിച്ച നേതാവാണെങ്കിലും അദ്ദേഹത്തിൻ്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തിന് തടസ്സമാകുന്നത്. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. എന്നിരുന്നാലും സുധാകരനുകൂടി ഉചിതമായ സമയത്തായിരിക്കും അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുക.

     സുധാകരൻ മാറിയാൽ പരിഗണനയിലുള്ള പ്രമുഖ പേര് കെ.മുരളീധരൻ്റെയാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും പരാജയപ്പെട്ട മുരളീധരനെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അണികളുടെ ഇടയിൽ അഭിപ്രായം ഉയർന്നിരുന്നു . ലോകസഭ തോൽവിക്ക് ശേഷം പാർട്ടിയുമായി പിണങ്ങി നിന്ന മുരളീധരനെ അനുനയിക്കാൻ ചെന്ന സുധാകരൻ വേണ്ടിവന്നാൽ മുരളീധരനെ അധ്യക്ഷ സ്ഥാനം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

     വയനാട് ലോകസഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും മുരളീധരൻ്റെ പേര് ഉയർന്നു വന്നുവെങ്കിലും വട്ടിയൂർക്കാവിന് തന്നെയാണ് തൻ്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ് മുരളീധരൻ മാറി നിൽക്കുകയാണ് ഉണ്ടായത്. കെപിസിസി അധ്യക്ഷൻ ആയാൽ ഒരുപക്ഷേ അദ്ദേഹത്തിന് മത്സരിക്കുവാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് അത് ഗുണം ചെയ്യും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

      നേതൃമാറ്റം പാർട്ടിയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനും തദ്ദേശ-നിയമസഭ ഒരുക്കം ശക്തമാക്കാനും പ്രചാരണം ഊർജിതമാക്കാനും സഹായിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image