Local News
ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്താനൊരുങ്ങി കൊല്ലം - എറണാകുളം മെമു ട്രെയിൻ.
ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്താൻ ഒരുങ്ങി കൊല്ലം - എറണാകുളം മെമു ട്രെയിൻ. ഡൽഹിയിൽ വെച്ച് എംപി കൊടിക്കുന്നില്‍ സുരേഷ് റെയില്‍വേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. നേരത്തെ തന്നെ സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. പുനലൂർ - എറണാകുളം മെമു റാക്ക് റെയില്‍വേ ബോർഡ് അനുവദിക്കുന്നതുവരെ നിലവിലെ സർവീസ് തുടരും.
ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ മെമു ട്രെയിനിന് അധിക സ്റ്റോപ്പും അനുവദിക്കും.
തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം സർവീസ് നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എട്ട് കോച്ചുകൾ ഉള്ള മെമുവാണ് സർവീസ് നടത്തുക. പാലരുവി-വേണാട് എന്നീ ട്രെയിനുകളിലെ ദുരിത യാത്ര സംബന്ധിച്ച് വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മെമു ട്രെയിൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത്. രാവിലെ 5.55 പുറപ്പെടുന്ന ട്രെയിനില്‍ 800ഓളം യാത്രക്കാർക്ക് സഞ്ചരിക്കാം.