Sports
രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്ത്, എന്നിട്ടും വിട്ടുകൊടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ അഞ്ചാം വിജയം

2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. എവേ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്. നാൽപ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് നോഹ സദൗയിയാണ് മഞ്ഞപ്പടയുടെ വിജയ ഗോൾ നേടിയത്. രണ്ട് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ ഒൻപത് പേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. 58-ം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചും, 74-ം മിനിറ്റിൽ ഐബൻ ഡോഹ്ലിങുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ഇവർക്ക് അടുത്ത കളി നഷ്ടമാകും. ഈ മാസം 13 ന് ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പഞ്ചാബിനെതിരായ ജയത്തോടെ 15 കളികളിൽ 17 പോയിന്റായ കേരള ബ്ലാസ്റ്റേഴ്സ്, ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി.
