Sports
മുണ്ടുടുത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം പ്രസന്റേഷൻ; ആദ്യ മത്സരം തിരുവോണനാളിൽ
ഐഎസ്എല്ലിൻ്റെ പതിനൊന്നാം സീസൺ സെപ്റ്റംബർ 13ന് തുടക്കമാവുന്നു. സെപ്റ്റംബർ15ന് തിരുവോണ ദിവസമാണ് കേരളത്തിൻ്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം. കൊച്ചി കല്ലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് FC യാണ് എതിരാളികൾ. ഇന്നലെ കൊച്ചിയിലെ ലുലു മാളിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പൂർണ്ണ സ്കോഡിനെ പരിചയപ്പെടുത്തുന്ന "മീറ്റ് ദി സ്റ്റാർസ്" പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു.
മാളിൻ്റെ എല്ലാ നിലകളിലും ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച കണ്ട കേരളത്തിൻ്റെ പുതിയ കോച്ച് മൈക്കൽ സ്റ്റാറേ ഇത്രയധികം ആരാധക പിന്തുണ പ്രതീക്ഷിച്ചിലെന്നും ഇതിന് പകരമായി ടീമിൻ്റെ പരമാവധി നല്ല പ്രകടനം പുറത്തെടുക്കുവാൻ ശ്രമിക്കുമെന്നും പറഞ്ഞു.
ആരാധകർ നിറഞ്ഞ സദസ്സിലേക്ക് കസവുമുണ്ടും ഉടുത്ത് മലയാള തനിമയോടെയാണ് താരങ്ങൾ എത്തിയത്. മലയാളി താരം രാഹുലാണ് താരങ്ങളെ മുണ്ടുടുക്കുവാനും മടക്കി കുത്തുവാനും പരിശീലിപ്പിച്ചത്. ക്യാപ്റ്റൻ അഡ്രിയാൽ ലൂണാ ഒഴികെയുള്ള എല്ലാ താരങ്ങളും ചടങ്ങിന് എത്തിയിരുന്നു. ആദ്യം മത്സരം തന്നെ വിജയിച്ച് ആരാധകർക്ക് തിരുവോണ സമ്മാനം നൽകാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.