Local News
കാസർഗോഡ് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
നീലേശ്വരം വെടിക്കെട്ടപകടത്തില്‍ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് കേസ്.ചന്ദ്രശേഖരൻ, ഭരതൻ, എവി ഭാസ്കരൻ, തമ്ബാൻ, ചന്ദ്രൻ, ബാബു, രാജേഷ്, ശശി എന്നിവർ കേസിലെ പ്രതികളാകും.അശ്രദ്ധമായി വെടിക്കെട്ട് നടത്തി വെടിപ്പുരയ്ക്ക് തീ പിടിച്ചു, അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തി തുടങ്ങിയ ഗുരുതര പരാമർശങ്ങള്‍ എഫ്‌ഐആറിലുണ്ട്.