Politics
മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ തിരിച്ചടി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ.കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തരാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഹൈകോടതി സ്റ്റേ ചെയ്തു.ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റമുക്തരാക്കിയത്. കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമാണ് കേസ്. 2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്.സി -എസ്.ടി ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കള്‍ സുന്ദരക്ക് പണം നല്‍കിയെന്ന് അദ്ദേഹത്തിന്‍റെ അമ്മ മൊഴി നല്‍കിയിരുന്നു.