International
ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍; ഇനിയും ആക്രമിച്ചാല്‍, ഒന്നുപോലും ബാക്കിവെക്കാതെ തകര്‍ക്കും.
ജെറുസലേം: ഇറാൻ ഇസ്രയേല്‍ സംഘർഷഭീതി മൂലം പശ്ചിമേഷ്യ ആകെ മുള്‍മുനയില്‍ നില്‍ക്കെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈനിക തലവൻ രംഗത്ത്.
ലെഫ്. ജനറല്‍ ഹെർസി ഹലെവിയാണ് രൂക്ഷമായ ഭാഷയില്‍, ഇറാന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
'ഇസ്രയേലിലേക്ക് കൂട്ടമായി മിസൈലുകള്‍ അയച്ച ആ തെറ്റ് ഇനിയും അവർത്തിക്കാനാണ് ഇറാന്റെ ഭാവമെങ്കില്‍, ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്ക് അതിർത്തി കടക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം അക്രമിക്കാതെ വിട്ട എല്ലാ സൈനികകേന്ദ്രങ്ങളെയും ഞങ്ങള്‍ ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും'; ഹലെവി പറഞ്ഞു. വീണ്ടും ഒരു ആക്രമണം കൂട്ടി ഉണ്ടാകുമെന്നത് മുൻകൂട്ടികണ്ടാണ് ചില കേന്ദ്രങ്ങളെ ബാക്കിവെച്ചതെന്നും, ഒന്നും അവസാനിച്ചിട്ടില്ലെന്നും, തങ്ങള്‍ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂവെന്നും ഹലെവി സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഹലെവി
ഒക്ടോബർ 26നാണ് ഇറാന്‍ രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേല്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. ഒക്ടോബർ ഒന്നിന് ഇസ്രയേലില്‍ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം.
ഇങ്ങനെയെല്ലാമിരിക്കെ, ഗാസയിലെ ലെബനനിലും ആക്രമണം കടുപ്പിക്കുക തന്നെയാണ് ഇസ്രയേല്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുഭാഗത്തുനിന്നുമായി 150ലധികം ആളുകള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയില്‍ പലായനം ചെയ്യപ്പെട്ട ആളുകള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് ആക്രമണം നടന്നത്. കിഴക്കന്‍ ലെബനനിലെ ബെക്ക താഴ്വരയിലെ ആക്രമണത്തിലാണ് ഒറ്റരാത്രികൊണ്ട് ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേറ്റു.