Local News
പുതിയ അത്യാഡംബര ബസുകളായ 'ഐരാവത് ക്ലബ് ക്ലാസ് 2.0' നിരത്തിലിറക്കി കര്‍ണാടക ആര്‍ടിസി
കേരളത്തിലെ പ്രീമിയം ബസ്സുകളുടെ നാലിരട്ടി ആധുനിക സൗകര്യങ്ങളുമായി കര്‍ണാടക ആര്‍ടിസി പുതിയ അത്യാഡംബര ബസുകള്‍ പുറത്തിറക്കി. 'ഐരാവത് ക്ലബ് ക്ലാസ് 2.0' എന്ന പേരിലാണ് ബസ്സുകൾ ഇറക്കിയിട്ടുള്ളത്.
20 പുതിയ വോള്‍വൊ ബസുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കാസര്‍കോട്, റായ്ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാകും ഈ ബസുകള്‍ സര്‍വീസ് നടത്തുക.
'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസുകള്‍ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍സിറ്റി വോള്‍വോ ബസുകളുള്ള കോര്‍പ്പറേഷനെന്ന നേട്ടത്തിലെത്തി കര്‍ണാടക. കര്‍ണാടക ആര്‍ടിസി 443 ആഡംബര ബസുകളുള്‍പ്പെടെ 8,849 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും വോള്‍വോ ബസിന്റെ പ്രത്യേകതയാണ്. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് എഫ്‌എപിഎസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനല്‍ച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്.