Local News
ഐരാവത് ബസുമായി കര്‍ണ്ണാടക ആര്‍ടിസി, ബാംഗ്ലൂര്‍- ശബരിമല യാത്ര ബുക്കിങ് തുടങ്ങി
ശബരിമല തീർത്ഥാടനം 2024: ശബരിമല തീർത്ഥാടന യാത്രകള്‍ക്കൊരുങ്ങി കര്‍ണ്ണാടക ആർടിസി. ബെംഗളൂരുവും മൈസൂരും ഉള്‍പ്പെടെ കർണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ബസ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി.
ഇതിനായി ബാംഗ്ലൂരില്‍ നിന്ന് പമ്ബാ ശബരിമലയിലേക്ക് സ്പെഷ്യല്‍ ബസ് സർവീസ് പ്രഖ്യാപിച്ചു.
ബെംഗളൂരുവില്‍ നിന്ന് പമ്ബയിലേക്ക് നവംബർ 29 വെള്ളിയാഴ്ച മുതല്‍ കെഎസ്‌ആർടിസിയുടെ ഐരാവത് എസി ബസ് സ്പെഷല്‍ സർവീസ് തുടങ്ങും. മണ്ഡലകാലത്ത് മാത്രമല്ല, 2025 ജനുവരിയില്‍ മകരവിളക്ക് അവസാനിക്കുന്ന വരെ ഈ സ്പെഷ്യല്‍ സർവീസുകള് തുടരും. മൈസൂര്‍- ബത്തേരി - കോഴിക്കോട് - തൃശൂർ - എരുമേലി വഴി നിലയ്ക്കില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരണം. ബസ് ബുക്കിക്ക് കെഎസ്‌ആർടിസി വെബ്സൈറ്റില്‍ ആരംഭിച്ചു.
29 മുതല്‍ എല്ലാ ദിവസും ഉച്ചകഴിഞ്ഞ് 1.50 ന് ബാംഗ്ലൂർ- പമ്ബാ ശബരിമല ഐരാവത് എസി ബസ് ശാന്തിനഗർ ബസ് സ്റ്റാൻഡില്‍ നിന്നും പുറപ്പെടും. മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡില്‍ നിന്നും കയറാം. തുടർന്ന് മൈസൂർ വഴി യാത്ര തുടരും. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈ സർവീസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എവിടുന്ന് കയറിയാലും ബാംഗ്ലൂർ മുതലുള്ള അതേ നിരക്ക് തന്നെ നല്കേണ്ടി വരും. 1748 രൂപയാണ് ടിക്കറ്റ് നിരക്ക്.
ശബരിമല തീർത്ഥാടനം പുരോഗമിക്കുന്നതോടെ, തിരക്ക് കണക്കിലെടുത്ത് വാരാന്ത്യങ്ങളിലും കർണ്ണാടക കെഎസ്‌ആർടിസി ബാംഗ്ലൂർ- ശബരിമല വാരാന്ത്യ സർവീസ് ആരംഭിക്കും. ബാംഗ്ലൂർ കൂടാതെ, മൈസൂരില്‍ നിന്നും റിസർവേഷന്‍ സൗകര്യം ഉണ്ടായിരിക്കും.