International
ഇറാൻ ഉടൻ സ്വതന്ത്രമാകും; ഇറാനികള്‍ക്ക് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം
ഇറാനിയന്‍ ജനതയ്ക്ക് ഒരു സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിങ്ങളോടൊപ്പം ഉണ്ടെന്നും, ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനെ പിന്തുണയ്ക്കുന്ന ഹമാസിനും ഹിസ്ബുള്ളയ്ക്കും എതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്താണ് നെതന്യാഹുവിന്റെ ഈ സന്ദേശം എന്നത് ശ്രദ്ധേയമാണ്. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.
ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെ വേണമെങ്കിലും പോകുമെന്നും ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും പശ്ചിമേഷ്യയില്‍ ഇല്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ജനതയുടെ ഭൂരിഭാഗത്തിനും അവരുടെ ഭരണകൂടം അവരെ സംബന്ധിച്ച കാര്യങ്ങള്‍ അത്ര ശ്രദ്ധിക്കുന്നില്ലെന്ന് വ്യക്തമാണ്. അവരുടെ ശ്രദ്ധ നിങ്ങളുടെ കാര്യങ്ങളിലേയ്ക്ക് ആയിരുന്നെങ്കില്‍, പശ്ചിമേഷ്യയില്‍ നടക്കുന്ന വിവാദമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവസാനിപ്പിച്ച് അവർ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കണമായിരുന്നു . ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കായി ഭരണകൂടം പാഴാക്കിയ പണം, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലേക്ക് നിക്ഷേപിച്ചിരുന്നെങ്കില്‍ എങ്ങനെയായിരിയ്ക്കും എന്ന് നിങ്ങൾ ചിന്തിക്കൂ. ഇറാനികളോടായി നെതന്യാഹു പറഞ്ഞു.
നിങ്ങൾ കരുതുന്നതിലും വളരെ വേഗത്തിൽ ഇറാൻ സ്വതന്ത്രമാകുമെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' എന്നും കൂടി കൂട്ടിച്ചേര്‍ത്തു.