Politics
‘ആദ്യം സ്വന്തം രാജ്യത്തെ മുസ്ലിങ്ങളുടെ കാര്യം നോക്കൂ’; ഇറാനെ ഉപദേശിച്ച് ഇന്ത്യ
ഇന്ത്യയിലെ മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പരാമർശം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണിത്. മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതിനു മുൻപ് സ്വന്തം രാജ്യത്തെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചിട്ടുള്ള രേഖകൾ പരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുസ്‌ലിങ്ങൾ പീഡനം അനുഭവിക്കുന്നുവെന്ന തരത്തിൽ ഇറാൻ പരമോന്നത നേതാവ് എക്സിലാണ് കുറിപ്പ് പങ്കുവച്ചത്. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മുസ്‌ലിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കാണാതെ പോകരുതെന്നും, അങ്ങനെ ചെയ്താൽ നമുക്ക് സ്വയം മുസ്ലീമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയിലെ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അലി ഖമേനി പ്രതികരിക്കുന്നത് ഇതാദ്യമായല്ല. 2020 മാർച്ചിൽ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾ ‘മുസ്ലിങ്ങളുടെ കൂട്ടക്കൊല’ എന്ന് വിശേഷിപ്പിച്ചിരുന്നു. 2019 ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് എതിരെയും രംഗത്തെത്തിയിരുന്നു.