International
അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനം ദുബൈയില്‍
ദുബൈ: യു.എ.ഇയുടെ ഡിജിറ്റല്‍ നവീകരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി ദുബൈയില്‍ അടുത്ത വർഷം ഏപ്രില്‍ 15 മുതല്‍ 17 വരെ അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) സമ്മേളനം നടക്കുമെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രഖ്യാപിച്ചു.
എ.ഐ ഇന്നോവേഷൻ: ഷേപ്പിങ് ദി ഫ്യൂച്ചർ ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് എൻഹാൻസിങ് എജുകേഷൻ ക്വാളിറ്റി എന്ന തലക്കെട്ടില്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ ലോകമെമ്ബാടുമുള്ള എ.ഐ വിദഗ്ധരും ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും. എ.ഐ സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസമേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചർച്ചചെയ്യുകയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ദുബൈയില്‍ നടന്നുവരുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തില്‍ 200ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
എ.ഐ ടെക്നോളജികള്‍ പൊതു സ്ഥാപനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സുസ്ഥിരമായ വികസനം നേടുന്നതിന് എങ്ങനെ പ്രയോജനപ്പെടും എന്ന് ആഴത്തില്‍ പഠിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമാകുന്ന ഈ സമ്മേളനം യു.എ.ഇയുടെ ടെക്നോളജി മേഖലയുടെ ഭാവി വളർച്ചക്കും രാജ്യത്തെ ഡിജിറ്റല്‍ നവീകരണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊർജ്ജസ്വലത പകരുമെന്ന് അധികൃതർ വ്യക്തമാക്കി.