Politics
മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലി, വനിതകൾക്ക് പ്രതിമാസം 2100 രൂപ സഹായം ; ഹരിയാനയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അവരുടെ പ്രകടനപത്രിക പുറത്തിറക്കി, ഇതിൽ 20 പ്രധാന ഉറപ്പുകൾ ഉൾക്കൊള്ളുന്നു. വനിതകൾക്ക് പ്രതിമാസം 2100 രൂപ സഹായം നൽകും, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ, 24 വിളകൾ മിനിമം താങ്ങുവിലയിൽ സംഭരിക്കും, 10 വ്യവസായ നഗരങ്ങൾ സ്ഥാപിക്കും, 50,000 യുവാക്കൾക്ക് ജോലി നൽകും, നഗരങ്ങളിലെയും ഗ്രാമങ്ങളിലും അഞ്ചു ലക്ഷം വീടുകൾ നിർമ്മിക്കും, 2 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമാക്കും, ഗ്രാമമേഖലയിലെ കോളേജ് വിദ്യാർത്ഥിനികൾക്ക് സ്കൂട്ടർ നൽകുന്ന പദ്ധതി, ഹരിയാനയിലെ എല്ലാ അഗ്നിവീറുകൾക്കും സർക്കാർ ജോലി നൽകും. . ബിജിപിയുടെ ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദയാണ് ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്.
കോൺഗ്രസിനു ഈ നടപടി വെറും ഫോർമാലിറ്റി മാത്രമാണ്, അചാരം നടത്തുന്നതു പോലെയാണ് അവർക്ക് ഈ പ്രകടനപത്രിക പുറത്തിറക്കൽ, അത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും നദ്ദ പറഞ്ഞു. ബിജെപി അവതരിപ്പിച്ച പ്രകടനപത്രിക വളരെ പ്രധാനമാണെന്നും ഹരിയാനയെ നിരന്തരം സേവിക്കുമെന്ന് നദ്ദ പറഞ്ഞു.
കോൺഗ്രസ് അവതരിപ്പിച്ച പ്രകടനപത്രികയിൽ പ്രധാനമായും 7 ഉറപ്പുകളാണ് ഉള്ളത്. ഇവയിൽ ജാതി സെൻസസ് നടത്തുന്നതാണ് പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും , 500 രൂപക്ക് പാചക വാതക സിലിണ്ടർ ലഭ്യമാക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിയിൽ ഉറപ്പു നൽകുന്നു. സാമൂഹ്യ സുരക്ഷയും പ്രധാനമായ ഭാഗമാണ്, വാർധക്യ, വികലാംഗ, വിധവാ പെൻഷൻ 6000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകാനുള്ള വാഗ്ദാനവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുമെന്ന് കോൺഗ്രസ് പറയുന്നു.
അധികാരത്തിൽ പ്രവേശിച്ചാൽ രണ്ട് ലക്ഷം യുവാക്കൾക്ക് തൊഴിൽ അവസരം നൽകാമെന്ന വാഗ്ദാനവും അവർ നൽകിയിട്ടുണ്ട്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ഉറപ്പാക്കുമെന്നതും കര്‍ഷകർക്ക് നൽകുന്ന മറ്റൊരു ഉറപ്പ് ആണ്. വിളകളുടെ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും, ദരിദ്ര ജനവിഭാഗത്തിന് 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുടെ വീട് നിർമ്മിച്ച് നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.