Local News
ഇന്ന് വിനായക ചതുർത്ഥി
ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നുകൂടിയാണ്. ചിങ്ങമാസത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. സംസ്ഥാനത്തെ വിവിധ വിനായക ക്ഷേത്രങ്ങളിൽ ശനിയാഴ്ച വലിയ ആഘോഷങ്ങൾ നടക്കും.
ഐതിഹ്യം
ഒരിക്കല്‍ ചതുര്‍ത്ഥി സമയത്ത് ഗണപതി ആനന്ദനൃത്തം ചെയ്തപ്പോൾ ചന്ദ്രന്‍ പരിഹസിച്ചു. ഇതില്‍ കുപിതനായ ഗണപതി ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് പറഞ്ഞ് ചന്ദ്രനെ ശപിച്ചു. എന്നാല്‍ ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവ ഭഗവാനോട് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവ ഭഗവാൻ വിഷ്ണു ഭഗവാനോട് ഗണപതി വ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. വിഷ്ണു ഭഗവാൻ ഇതനുസരിക്കുകയും സങ്കടങ്ങള്‍ മാറ്റുകയും ചെയ്തു. ഇതാണ് ഗണേശ ചതുർത്ഥിയുടെ പിന്നിലെ ഐതിഹ്യം. ചതുര്‍ത്ഥി നാളില്‍ ചന്ദ്ര ദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നാണ് വിശ്വാസം.
ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. മോദകം എന്ന മധുര പലഹാരം പ്രത്യേക പൂജകളോടെ തയ്യാറാക്കി ഗണപതിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. രാവിലത്തെ പൂജയ്ക്ക് ശേഷം വൈകിട്ടോ അല്ലെങ്കില്‍ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം, ഒമ്പതാം ദിവസം എന്നിങ്ങനെയോ ഈ വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായാണ് നിമജ്ജനം നടക്കുന്നത്. ഗണപതി വിഗ്രഹങ്ങള്‍ കടലിലോ പുഴയിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.