inner-image

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്‍മക്കള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ലോറന്‍സ് മരിക്കുന്നത്. അതിനു പിന്നാലെ അതി നാടകീയ നടപടികളിലൂടെയാണ് കടന്നുപോയത്. നേരത്തെ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയതിനെതിരെ മകള്‍ ആശ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ ലോറന്‍സ് മകന്‍ സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറിങ്ങിലാണ് മറ്റൊരു മകളായ സുജാത സഹോദരി ആശയുടെ നിലപാടിനെ അനുകൂലിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ ആശ നല്‍കിയ അപ്പീലിനെയും സുജാത പിന്തുണച്ചു. പാര്‍ട്ടിയും മകനും ചേര്‍ന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു. പെണ്‍മക്കളായ തങ്ങളോട് ഇക്കാര്യം ആലോചിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം നടത്തണം. ലോറന്‍സിന്റെ ഭാര്യ മതവിശ്വാസിയാണ്. ലോറന്‍സും മതങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും പെണ്‍മക്കള്‍ ആവശ്യപ്പെട്ടിരുന്നു. ലോറന്‍സിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മകളുമായി സംഘര്‍ഷം അരങ്ങേറിയിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image