inner-image

സീതറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ സെപ്റ്റംബർ 27 ന് തുടങ്ങുന്ന കേന്ദ്രനേതൃത്വ യോഗങ്ങളിൽ തിരുമാനമായേക്കും. അടുത്ത പാർട്ടി കോൺഗ്രസ് നടക്കുന്ന ഏപ്രിൽ വരെ പോളിറ്റ് ബ്യൂറോ ഒരുമിച്ച്  ചുമതലകൾ നിർവഹിക്കണോ? അതോ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കണോ? എന്ന കാര്യത്തിലാണ് ആദ്യം തിരുമാനം എടുക്കേണ്ടത്. ചിലപ്പോൾ പാർട്ടി കോൺഗ്രസ് വരെ താൽക്കാലിക ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയുമാവാം. ഇതിൽ ഏതായാലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കും എന്നതാണ് ആദ്യ കടമ്പ.


അടുത്ത പാർട്ടികോൺഗ്രസിൽ കഴിഞ്ഞ മൂന്ന് വർഷത്തെ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. പാർട്ടിയുടെ രാഷ്ട്രീയ അടവുനയം രൂപീകരിക്കുക, രാഷ്ട്രീയ പ്രമേയം തയ്യാറാക്കുക  എന്നീ കാര്യങ്ങളിലും ജനറൽ സെക്രട്ടറിക്ക് നിർണ്ണായക പങ്കുണ്ട്.


അതിനാൽ 27 ന് നടക്കുന്ന പി.ബി യോഗത്തിൽ താൽക്കാലിക ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്നാവും സാധ്യത. മധുരയിൽ നടക്കുന്ന അടുത്ത പാർട്ടി കോൺഗ്രസോടെ മൂന്ന് ടേം പൂർത്തിയാക്കാന്നിരുന്ന യെച്ചൂരിക്ക് പകരം ആ സ്ഥാനം ആഗ്രഹിക്കുന്നവർ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്.


എല്ലാ അർത്ഥത്തിലും പകരക്കാരനില്ലാത്ത നേതാവായ യെച്ചൂരി ഒഴിച്ചിട്ട കസേരയിലേക്ക്  മുതിർന്ന നേതാക്കളിൽ ആരെങ്കിലും വരാൻ തന്നെയാണ് സാധ്യത.  75 വയസ് എന്ന പ്രായ പരിധി പിന്നിട്ട പ്രകാശ് കാരാട്ടും പിണറായി വിജയനും അടുത്ത പാർട്ടി കോൺഗ്രസ് വരെ താൽക്കാലിക ജനറൽ സെക്രട്ടറി ആവാൻ പ്രായ പരിധി ഒരു തടസമാവില്ലെന്ന് ചില നേതാക്കൾ ചൂട്ടിക്കാണിക്കുന്നു. പക്ഷേ അതൊന്നും എളുപ്പമാവില്ല എന്നും നേതാക്കൾ തന്നെ പറയുന്നുമുണ്ട്.


മറ്റൊരു സീനിയർ നേതാവ് ആന്ധ്രപ്രദേശിൽ നിന്നുള്ള ബി.വി. രാഘവലു ആണ്. രാജ്യമാകെ അറിയപ്പെടുന്ന നേതാവല്ല രാഘവലു എന്നതാണ് അദ്ദേഹത്തിൻ്റെ പോരായ്മ. പിന്നെ സാധ്യതയുള്ളത്  ഡൽഹി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന ബൃന്ദാ കാരാട്ട് ആണ്. 77 വയസ് പിന്നിട്ട ബൃന്ദാ കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രായപരിധിയിൽ നിന്നും ഇളവ് ലഭിച്ചേക്കും.


പി.ബി യിൽ നാലംഗങ്ങളുള്ള കേരള ഘടകത്തിൻ്റെ നിലപാട് നിർണ്ണായകമാകും. പിണറായി വിജയൻ, എ. വിജയരാഘവൻ,എം.എ.ബേബി, ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങൾ. സീനിയർ നേതാക്കളായ എം.എ.ബേബിയും എ.വിജയരാഘവനും ജനറൽ സെക്രട്ടറി പദത്തിലേക്ക് അർഹരാണെങ്കിലും കേരള ഘടകത്തിന് അങ്ങനെയൊരു താൽപര്യം ഉഉള്ളതായി തോന്നുന്നില്ല. 


കേരളത്തിൽ നിന്നുള്ളയാൾ ജനറൽ സെക്രട്ടറി ആയാൽ പുതിയൊരു അധികാര കേന്ദ്രം രൂപപ്പെടുമെന്ന അപകടത്തെ ബോധ്യമുള്ള പിണറായി ഇങ്ങനെയൊരു നീക്കത്തെ അനുകൂലിച്ചേക്കില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image