Local News
സ്വകാര്യമേഖലയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കും; ടാറ്റ- എയര്‍ബസ് എയര്‍ക്രാഫ്റ്റ് സമുച്ചയം, അറിയേണ്ടതെല്ലാം
വഡോദര: സി295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും നിര്‍വഹിച്ചു. സ്വകാര്യമേഖയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ അഡ്‌വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും(ടിഎഎസ്എല്‍.) യൂറോപ്യന്‍ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ടാറ്റ എയര്‍ക്രാഫ്റ്റില്‍ നിര്‍മിക്കുന്ന 40 വിമാനങ്ങളില്‍ ആദ്യത്തെ വിമാനത്തിന്റെ നിര്‍മാണം 2026ല്‍ പൂര്‍ത്തിയാകും. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യമായി നിര്‍മ്മിച്ച സൈനിക വിമാനമാകും ഇത്.
വിമാന നിര്‍മാണ കേന്ദ്രം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്‌പെയിനിന്റെ പങ്കാളിത്തത്തിനും പുതിയ ദിശാബോധം നല്‍കുന്നു. സി295 വിമാനങ്ങളുടെ നിര്‍മാണ ഫാക്ടറി ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഈ ഫാക്ടറി ഇന്ത്യ-സ്‌പെയിന്‍ ബന്ധത്തെ ശക്തിപ്പെടുത്തും, ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.