Local News
കരുവന്നൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
ഇരിങ്ങാലക്കുട : കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.ബസുകളുടെ മരണപ്പാച്ചിലിൽ ആണ് അപകടം ഉണ്ടായതെന്നാണ് വിവരം.
കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോയാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.കാർ ഏകദേശം പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ദേവമാത എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കിൽ തട്ടുകയും തുടർന്ന് എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷസാക്ഷികൾ പറയുന്നു.