Politics
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പാർട്ടിയിലേക്കുള്ള ക്ഷണം വെറും തമാശ മാത്രമാണെന്ന് കെ മുരളീധരൻ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടർന്നാൽ പാർട്ടിയിൽ നിന്നും റിട്ടയർമെന്റ് എടുത്ത് വെറുതെ ഇരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.തൻ്റെ അമ്മയെ അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരൻ അഭ്യർത്ഥിച്ചു. കെ സുരേന്ദ്രൻ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എന്നാൽ പ്രിയങ്ക ഗാന്ധിക്കായി വയനാട്ടിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല.ഒരു കാരണവശാലും പാലക്കാടോ ചേലക്കരയിലോ യുഡിഎഫിന് വേണ്ടി ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഒരു മാറ്റവും വരുത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ട്. 24ന് ശേഷം ചർച്ച ചെയ്യും. ഇപ്പോൾ യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.