inner-image

 മംഗളൂരു മുതല്‍ കന്യാകുമാരി വരെ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നും 35 റെയില്‍വേ സ്റ്റേഷനുകള്‍ പൂര്‍ണമായി നവീകരിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തൃശൂരില്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.പുതുക്കിനിർമിക്കുന്ന തൃശൂർ റെയില്‍വേ സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്താനും പരിശോധനകള്‍ക്കും എത്തിയതായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി. മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ മൂന്നും നാലും പാതകള്‍ നിര്‍മിക്കും. ഷൊര്‍ണൂര്‍ മുതല്‍ കന്യാകുമാരി വരെ വിവിധ ഘട്ടങ്ങളായി മൂന്നാം പാതയും നിര്‍മിക്കും. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ പാതയിലും മൂന്നും നാലും റെയില്‍പാതകള്‍ നിര്‍മിക്കും. നിലവില്‍ പുരോഗമിക്കുന്ന പാത ഇരട്ടിപ്പിക്കലിനായി 460 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്. ഇതുവരെ 63 ഹെക്ടര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

                               ആവശ്യമായതിന്റെ 14 ശതമാനം മാത്രമാണിത്. ഭൂമി ഏറ്റെടുക്കലിന് കേന്ദ്രം 2100 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ കേരളത്തിലെ റെയില്‍ ഗതാഗതത്തിന്റെ വേഗം വര്‍ധിപ്പിച്ചു. ഷൊര്‍ണൂര്‍-എറണാകുളം പാത ഒഴിച്ച്‌ മറ്റു ഭാഗങ്ങളില്‍ മണിക്കൂറില്‍ വേഗം 100 കിലോമീറ്ററായും ചിലയിടങ്ങളില്‍ 110 കിലോമീറ്ററായുമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളിലൊന്നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍. തൃശൂര്‍ സ്റ്റേഷൻ വികസനത്തിന് 393 കോടി രൂപ അനുവദിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image