inner-image

ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ നല്‍കുന്നത് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 4.5 കോടി കുടുംബങ്ങളിലെ ആറുകോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബിപിഎംജെഎവൈ) പ്രയോജനം ചെയ്യും.

5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് ഒരു കുടുംബത്തിനു ലഭിക്കുക. സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ഓരോ കുടുംബത്തിലെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യം ലഭ്യമാകും. അര്‍ഹതയുള്ളവര്‍ക്ക് പുതിയ ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കും. 70 വയസും അതിൽ കൂടുതലുമുള്ളവര്‍ക്ക് പരിരക്ഷ വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കുന്നവര്‍ക്ക് അതേ സ്കീമില്‍ തന്നെ ഈ പരിരക്ഷ ലഭ്യമാകും. അല്ലെങ്കില്‍ എബിപിഎംജെഎവൈ തിരഞ്ഞെടുക്കാം. സ്വകാര്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്ളവര്‍ക്കും ഇഎസ്ഐയിലുള്ളവര്‍ക്കും ഈ പരിരക്ഷ ലഭ്യമാകും.12.34 കോടി കുടുംബങ്ങളിലെ 55 കോടിയോളം പൗരന്മാര്‍ക്ക് പദ്ധതി വഴി ഗുണം ലഭിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് എബിപിഎംജെഎവൈ. 7.37 കോടി ആശുപത്രികളിൽ പരിരക്ഷ ലഭ്യമാകുന്നുണ്ട്. പൊതുജനങ്ങൾക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രയോജനം ലഭിക്കുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

ജനസംഖ്യയുടെ 40 ശതമാനം വരുന്ന 10.74 കോടി വരുന്ന ദുര്‍ബല വിഭാഗങ്ങളാണ് ആദ്യം പദ്ധതിയുടെ കീഴിൽ വന്നത്. പരിഷ്ക്കരിച്ചപ്പോള്‍ 12 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമായി. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ പദ്ധതി വീണ്ടും വിപുലപ്പെടുത്തി. ഇപ്പോള്‍ രാജ്യത്തുള്ള 70 വയസുള്ള എല്ലാവരും പദ്ധതിക്ക് കീഴിലായി. ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി (കാസ്പ്) യോജിപ്പിച്ചാണ് നടപ്പിലാക്കുന്നത്. കേന്ദ്ര മാര്‍ഗരേഖ ലഭിച്ചാല്‍ കേരളത്തിലും റജിസ്ട്രേഷൻ ആരംഭിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image