inner-image


താരതമ്യേന പുതിയ രാഷ്ട്രീയ പാര്‍ട്ടി, സ്ഥാപകനും പരമോന്നത നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ജയിലില്‍, രാജ്യതലസ്ഥാനം ഉള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളുടെ ഭരണം കൈയ്യിലുണ്ടെങ്കിലും ഏതൊരു പ്രസ്ഥാനവും പ്രതിസന്ധിയിലാകുന്ന സാഹചര്യം. പാര്‍ട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയും ജയിലില്‍. കൂടാതെ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയവര്‍ക്കെതിരെ ഉയര്‍ന്നത് മദ്യനയ അഴിമതി കേസും. ഏവരും ആം ആദ്മിയുടെ നിലനില്‍പ്പില്‍ പോലും സംശയം പ്രകടിപ്പിച്ച രാഷ്ട്രീയ സാഹചര്യം. ഈ വെല്ലുവിളികളില്‍ ഒരു നേതൃമുഖം ഉയര്‍ന്നു. ഒരു പെണ്‍പുലി. അതാണ് അതിഷി മര്‍ലെന. കേജ്‌രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു അതിഷി. ഇനി ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും. രാഷ്ട്രീയത്തിലെ അതികായരായിരുന്ന സുഷമ സ്വരാജ്, ഷീല ദീക്ഷിത്ത് എന്നിവരുടെ പിന്‍ഗാമിയാണ് അതിഷി. അടുത്ത അഞ്ച് മാസം അതിഷി ഡല്‍ഹി ഭരിക്കും. അടുത്ത നിയമസഭാ പോരാട്ടത്തിനും അതിഷി തന്നെയാകും നേതൃത്വം നല്‍കുക. എല്ലാം നിയന്ത്രിക്കുന്ന കിങ് മേക്കറുടെ റോളിലേക്ക് കേജ്‌രിവാള്‍ മാറിയിരിക്കുന്നു. എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അതിഷി. ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം. ഇതോടെ പാര്‍ട്ടി പദവികളില്‍ അതിഷി കേന്ദ്രീകരിച്ചു. ആദ്യ എഎപി ഭരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശകയുടെ റോളിലെത്തി. അധ്യാപക ദമ്പതികളുടെ മകളായതിനാല്‍ ഈ റോളില്‍ അതിഷി തിളങ്ങി. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള നയം നടപ്പാക്കി. ഒപ്പം എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ മൊഹല്‍ ക്ലീനിക്കുകളും കൊണ്ടു വന്നു. ഇതോടെ ഡല്‍ഹിയുടെ ജനമനസുകളില്‍ എഎപി ഉറച്ചു. നിലവിലെ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ പ്രധാന 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയിലെ കുടിവള്ള പ്രശ്‌നത്തില്‍ ഹരിയാന സര്‍ക്കാരില്‍ നിന്നും നീതി ആവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹം അഞ്ച് ദിവസമാണ് നീണ്ടു നിന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറാന്‍ അതിഷി സമ്മതം നല്‍കിയത്. 11 വര്‍ഷമാണ് അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നത്. അതിനു ശേഷം ഒരു മാറ്റം ഉണ്ടായപ്പോള്‍ അത് ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായി. നിലവില്‍ മമത ബാനര്‍ജി മാത്രമാണ് രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. അതിഷി എന്ന 43കാരി കൂടി സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏല്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. പ്രവീണ്‍ സിങാണ് ഭര്‍ത്താവ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image