inner-image

ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം പദവി ഒഴിയുമെന്ന് പറഞ്ഞ ആം ആദ്മി പാർട്ടി നേതാവ് മഹാരാഷ്ട്രയ്ക്ക് ഒപ്പം ഡൽഹി നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. അതുവരെ മറ്റൊരാൾ തനിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. താൻ മുഖ്യമന്ത്രി ആവണമോ വേണ്ടയോ എന്നത് എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് കേജ്‌രിവാൾ പറയുന്നത്. കാലാവധിക്ക് മുമ്പേ തിരഞ്ഞെടുപ്പ് നടത്തി ജനവിധി അനുകൂലമായി തനിക്കും പാർട്ടിക്കും എതിരെ ഉയർന്ന ആരോപണങ്ങളെ അതിജീവിക്കാന്‍ കഴിയും എന്നാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനറുടെ കണക്കുകൂട്ടൽ.

അരവിന്ദ് കേജ്‌രിവാളിൻ്റെ ഈ ആത്മവിശ്വാസത്തിന് അനുകൂലമായ ഘടകങ്ങളല്ല ഡൽഹിയിൽ നിലവിലുള്ളത്. ഈ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ സീറ്റുകളിലും വിജയിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കി മത്സരിച്ചിട്ടും ഏഴിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ മുന്നണിക്കായില്ല. നിലവിൽ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. നവംബർ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷകൾ. നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഉണ്ടാവാനും സാധ്യതയില്ല. എഎപിയും കോൺഗ്രസും ബിജെപിയുമായ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുക. അങ്ങനെയെങ്കിൽ നിലവിലെ അനുകൂല സാഹചര്യവും മുഖ്യമന്ത്രിക്കും ഭരണ പാർട്ടിക്കും എതിരെ ഉയർന്ന ആരോപണങ്ങളും ബിജെപിക്ക് ഗുണം ചെയ്യാനാണ് സാധ്യത. കേജ്‌രിവാളിൻ്റെ അമിത ആത്മവിശ്വാസം തെറ്റിയാലത് ബിജെപി അധികാരത്തിൽ എത്തുന്നതിന് കളമൊരുക്കുമെന്നാണ് വിലയിരുത്തലുകൾ.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പാർട്ടിയും അതിൻ്റെ പ്രധാന നേതാക്കളുമെല്ലാം അഴിമതി ആരോപണത്തിൽ മുങ്ങിത്താഴുമ്പോൾ നിലനിൽപ്പിനായ കച്ചിത്തുരുമ്പ് എന്ന നിലയിലാണ് പുതിയ പ്രഖ്യാപനം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഏഴിൽ ഏഴ് സീറ്റും ബിജെപിയാണ് വിജയിച്ചത്. എന്നാൽ അതിന് ശേഷം 2020ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് കേജ്‌രിവാൾ ഭരണ തുടർച്ച നേടിയത്. അത് ഇക്കുറിയും ആവർത്തിക്കുമെന്നാണ് എഎപി പ്രതീക്ഷ.

1987 മാർച്ചിൽ കേരളത്തില്‍ അധികാരത്തിലെത്തിയ ഇകെ നായനാരിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1991ൽ ജനവിധി അനുകൂലമാകും എന്ന കണക്കുകൂട്ടലിൽ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിൽ തുടര്‍ഭരണം പ്രതീക്ഷിച്ചായിരുന്നു ആ രാജി. 1991ല്‍ ആദ്യമായി നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 40ൽ 30 ഡിവിഷനുകളിലും വിജയിക്കാനായതാണ് എൽഡിഎഫിന് ഇത്തരമൊരു ആത്മവിശ്വാസം പകർന്നത്. 1995 ൽ ഈ കൗൺസിൽ ജില്ലാ പഞ്ചായത്തുകളായി രൂപം മാറ്റം വരുത്തുകയായിരുന്നു. അന്നത്തെ (1991) തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ച തുടർ ഭരണ മോഹം അതിമോഹമാക്കി മാറ്റിയാണ് ജനങ്ങൾ വിധി എഴുതിയത്. രാജീവ് ഗാന്ധി വധമാണ് ആ കണക്കുകൂട്ടൽ തകിടം മറിച്ചത്. നായനാരുടെയും സിപിഎമ്മിന്റെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി കെ കരുണാകരൻ്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തി.

ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും ജനവിധി തേടി തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാം എന്നായിരുന്നുഅന്ന് ഇടതു കണക്കുകൂട്ടൽ. എന്നാൽ 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാജീവ് ഗാന്ധിക്ക് നേരെ ശ്രീലങ്കൻ തമിഴ് വംശവാദ സംഘടനയായ എൽടിടിഇ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുകയായിരുന്നു.

അതേസമയം മദ്യനയ അഴിമതിക്കേസിൽ സുപ്രീംകോടതി അംആദ്മി പാർട്ടി നേതാവിന് ജാമ്യം അനുവദിച്ചത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും റദ്ദ് ചെയ്തു കൊണ്ടായിരുന്നു. കേസിനെപറ്റി പരസ്യ പ്രസ്താവന നടത്തരുതെന്ന ഉപാധിയും കോടതി മുന്നോട്ട് വച്ചിരുന്നു. അധികാരങ്ങൾ ഇല്ലാതാത്ത മുഖ്യമന്ത്രി എന്ന പേരുദോഷത്തിനൊപ്പം കേജ്‌രിവാളിൻ്റെ വായ് മൂടിക്കെട്ടുന്നതായിരുന്നു കോടതി ഉത്തരവ്. ഇതിനെ അതിജീവിക്കുക എന്നതാണ് പേരിന് മാത്രമുള്ള മുഖ്യമന്ത്രി സ്ഥാനം ത്യജിക്കുക വഴി കേജ്‌രിവാൾ ഉദ്ദേശിക്കുന്നത് എന്നതും വസ്തുതയാണ്.

കേജ്‌രിവാൾ സ്ഥാനം ത്യാഗം ചെയ്യുകയല്ല അധികാരമില്ലാത്ത, അഴിമതിക്കാരനായ മുഖ്യമന്ത്രിയായി തുടരുന്നതിലുള്ള അപമാനഭാരത്തിലാണ് രാജിയെന്നാണ് ബിജെപിയുടെ പ്രതികരണം. ഡൽഹിക്ക് ഇനിയും എല്ലാ അധികാരങ്ങളുമുള്ള മുഖ്യമന്ത്രിയെ ലഭിക്കുമെന്നാണ് രാജി തീരുമാനത്തെ കോൺഗ്രസ് പരിഹസിച്ചത്. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണോ പാർട്ടി വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത് എന്നതിലടക്കം സസ്പെൻസ് നിലനിർത്തിയാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേജ്‌രിവാൾ തിരഞ്ഞെടുപ്പിനെ നേരിടുമോ എന്നതടക്കം വരും നാളുകളിൽ വ്യക്തമാകും. ജനവിധിയിലൂടെ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേജ്‌രിവാൾ എന്ന ഗ്രഹത്തിന് ചുറ്റും മാത്രം ഭ്രമണം ചെയ്യുന്ന എഎപി എന്ന പാർട്ടിയുടെ നിലനിൽപ് തന്നെ ഈ തീരുമാനത്തിൻ്റെ അനന്തരഫലങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

Ad Image Ad Image Ad Image Ad Image Ad Image Ad Image