Politics
ഉന്നം പിഴയ്ക്കാതെ അൻവർ .... എസ്‌പി എസ് ശശിധരനെ സ്ഥലം മാറ്റി; മലപ്പുറം പോലീസ് വിഭാഗത്തിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ
മലപ്പുറം പോലീസ് വിഭാഗത്തിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്.പി എസ് ശശിധരനെ സ്ഥലം മാറ്റി, മലപ്പുറം ജില്ലാ പോലീസിൽ വ്യാപക മാറ്റങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തിയിരിക്കുന്നത് . ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നടപ്പാക്കപ്പെട്ടു, സ്പെഷ്യൽ ബ്രാഞ്ചിലെ സബ്‌ഡിവിഷൻ ഉദ്യോഗസ്ഥർക്ക് പോലും മാറ്റങ്ങൾ നടന്നിട്ടുണ്ട്. താനൂർ ഡിവൈഎസ്‌പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്; ബെന്നി മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
മലപ്പുറം പോലീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. തെറ്റായ പ്രവണത പോലീസിൽ വച്ചുപുലർത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിപുലമായ അഴിച്ചുപണി. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉൾപ്പെടെ സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പോലീസ് സംബന്ധിച്ച് ഉയർന്ന വ്യാപക പരാതികളുടെ സാഹചര്യത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. എഐജി വിശ്വനാഥ് മലപ്പുറം എസ്‌പി ആയി ചുമതല ഏൽക്കും.
മലപ്പുറം മുൻ എസ്.പി.യും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ എസ്. സുജിത് ദാസിനെ പി.വി. അൻവറുമായി നടന്ന സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു. പോലീസ് സേവന ചട്ടം ലംഘിച്ചതായും അൻവറുമായുള്ള സംഭാഷണം പോലീസിന് നാണക്കേട് വരുത്തിയതായും ഡിഐജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്പിയെ സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് മലപ്പുറം പോലീസ് വിഭാഗത്തിൽ വൻ അഴിച്ചുപണി നടത്താനുള്ള നടപടി എടുത്തത്.
അൻവറിൻ്റെ തുറന്നു പറച്ചിലിൻ്റെ ഭാഗമായി പല പോലീസ് മേധാവികൾക്കും സസ്പെൻഷനും സ്ഥലമാറ്റവും ലഭിച്ചിട്ടും എഡിജിപി എം.ആർ അജിത് കുമാറിനെ മാത്രം മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിൽ ആണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.