പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നവരാത്രി പൂജകള്‍ക്ക് വാടക നിശ്ചയിച്ചതിന് പിന്നില്‍ മേയറുടെ മാത്രം തീരുമാനമാണെന്ന വിവരം പുറത്ത്.ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് മേയറുടെ ഇടപെടല്‍ പുറത്തുവന്നത്. കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടിയ സെക്രട്ടറിക്ക് മേയറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്ന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.
ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ വാടക പിരിക്കണമെന്ന പരാമര്‍ശമുണ്ടായിരുന്നു. കൗണ്‍സില്‍ തീരുമാനമാണ്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനമാണ് എന്നിങ്ങനെ മാറ്റിമാറ്റി പറഞ്ഞ സെക്രട്ടറിയോട് ഇതിന്റെയെല്ലാം തെളിവ് നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ഗ്രൗണ്ടിന് വാടകയീടാക്കണമെന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് മാത്രമാണ് സെക്രട്ടറിക്ക് നല്‍കാനായത്. പിന്നീട് സെക്രട്ടറി പറഞ്ഞത് മുന്‍കൂര്‍ അനുമതി നല്‍കിയെന്നാണ്. മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ തന്നെ അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണം അതും ഉണ്ടായിട്ടില്ല.
സെക്രട്ടറിയുടെ ഉരുണ്ടു കളിതുടര്‍ന്നപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഇത് സംബന്ധിച്ച ഫയല്‍ കാണണമെന്നാവശ്യപ്പെട്ടു. റവന്യൂ ഓഫീസര്‍ കൊണ്ടുവന്ന ഫയല്‍ പരിശോധിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കണ്ടത് പൂജവയ്‌പ്പുമായി ബന്ധപ്പെട്ട് സരസ്വതി മണ്ഡപത്തിനും അനുബന്ധ സ്ഥലങ്ങള്‍ക്കും വാടകയീടാക്കണമെന്ന മേയറുടെ കുറിപ്പ് ആണ്. ആ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറി ഉത്തരവിറക്കിയത്.
പൂജപ്പുര സരസ്വതി മണ്ഡപത്തിലെ ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മേയര്‍ ആര്യാ രാജേന്ദന്‍ നടത്തിയ അഹങ്കാരവും ധിക്കാരവും നിറഞ്ഞ നടപടിയാണ് പൂജപ്പുരയില്‍ കണ്ടത്. നവരാത്രി വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തുന്ന സരസ്വതി മണ്ഡപത്തിന് വാടക നിശ്ചയിച്ച മേയറുടെ നടപടി ഹിന്ദു ആരാധനാലയങ്ങളോടുള്ള കടന്നുകയറ്റമാന്നെന്ന് നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് തിരുമല അനില്‍ പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ച് കൊണ്ടിരിക്കെ വാടക പിരിക്കുന്നത് മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. പക്ഷേ ഉത്തരവിലെ തീയതി 13 ആണ്. ഉത്തരവ് ഇറങ്ങിയ ഉടന്‍ തന്നെ സമിതിയുടെ പേരില്‍ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തും പൂജപ്പുരയിലും പ്രത്യക്ഷപ്പെട്ടു. നഗരസഭാ ജീവനക്കാരാണ് ബോര്‍ഡ് കൊണ്ട് വച്ചതെന്ന് ബി ജെപി ആരോപിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപന്‍, ഉപനേതാക്കളായ തിരുമല അനില്‍, കരമന അജിത്ത്, മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.