Sports
സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ബംഗ്ലാദേശിനെ തകർത്ത് ടീം ഇന്ത്യ
ആദ്യ രണ്ടു മത്സരങ്ങളിൽ കാര്യമായി തിളങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസൺ ഉഗ്രരൂപം പൂണ്ടപ്പോൾ വഴിമാറിയത് കുറെയേറെ റെക്കോർഡുകളും ബംഗ്ലാദേശിനെതിരെ 3-0 ന്റെ പരമ്പര വിജയവും ആയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റിനു 297 എന്ന കൂറ്റൻ വിജയലക്ഷ്യം സന്ദർശകർക്കെതിരെ വെച്ചു. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവും 35 പന്തിൽ 75 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.8 കൂറ്റൻ സിക്സറും 11 ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി. പത്താം ഓവറിൽ റിഷാദ് ഹൊസൈനെ തുടർച്ചയായി 5 സിക്സറുകളും പായിച്ചു സഞ്ജു.
ഇന്ത്യ ഉയർത്തിയ 297 വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ സാധിച്ചുള്ളൂ.പുറത്താകാതെ 42 പന്തില്‍ 63 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ്, 25 പന്തില്‍ 42 റണ്‍സ് നേടിയ ലിട്ടണ്‍ ദാസ് എന്നിവരൊഴികെയുള്ള ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റും, മയങ്ക് യാദവ് രണ്ട് വിക്കറ്റും, വാഷിംഗ്ടണ്‍ സുന്ദറും, നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.