ട്വന്റി ഫോറിനെ മലര്‍ത്തിയടിച്ചു റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത്;
മലയാളത്തിലെ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ വീണ്ടുമൊരു മാറി മറിയല്‍. ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തുടരുമ്ബോള്‍ രണ്ടിലാണ് മാറ്റം.ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ ന്യൂസിനെ മൂന്നാമത് പിന്തള്ളി റിപ്പോര്‍ട്ടര്‍ രണ്ടാം പൊസിഷനിലെത്തി. വസ്തുതാ പരമായ റിപ്പോര്‍ട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറ്റം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നിലനിര്‍ത്തി. അപ്പോള്‍ പി വി അന്‍വറിനൊപ്പം സഞ്ചരിച്ചാണ് റിപ്പോര്‍ട്ടറിന്റെ മുമ്ബോട്ട് കുതിക്കല്‍. മലപ്പുറത്തെ റിപ്പോര്‍ട്ടിംഗില്‍ റിപ്പോര്‍ട്ടറിന് വീഴ്ചയുണ്ടെന്ന റിപ്പോര്‍ട്ടുകളും റേറ്റിംഗിലെ കുതിപ്പിന് റിപ്പോര്‍ട്ടറിന് തടസ്സമായില്ല.ഏറെ നാള്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്നില്‍ രണ്ടാമതായിരുന്നു ട്വന്റി ഫോര്‍. രണ്ടാഴ്ച ഒന്നാമതും എത്തി. എന്നാല്‍ അതിവേഗം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചെത്തി. ഇതോടെ രണ്ടാം സ്ഥാനത്തിന് റിപ്പോര്‍ട്ടറുമായി കടുത്ത മത്സരം നേരിടേണ്ടി വരികയും ചെയ്തു. അതില്‍ ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ഈ വര്‍ഷത്തെ 36-ാം ആഴ്ചയില്‍ വീഴുകയാണ്. മനോരമാ ന്യൂസും മാതൃഭൂമി ന്യൂസുമാണ് റേറ്റിംഗില്‍ നാലും അഞ്ചും സ്ഥാനത്ത്. ജനം ടിവി ആറാമതുണ്ട്. അതിന് പിന്നിലാണ് കൈരളി ന്യൂസും ന്യൂസ് 18 കേരളയും മീഡിയാ വണ്ണും. 35-ാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ കിതച്ചത് ട്വന്റി ഫോര്‍ മാത്രമെന്ന് വ്യക്തം. ട്വന്റി ഫോറിനെ മലര്‍ത്തിയടിച്ചു റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് - 101, റിപ്പോര്‍ട്ടര്‍ ടിവി - 93, ട്വന്റി ഫോര്‍ - 89, മനോരമ ന്യൂസ് - 49, മാതൃഭൂമി ന്യൂസ് - 39, ജനം ടിവി - 20, കൈരളി ന്യൂസ് - 19, ന്യൂസ് 18 കേരള - 16, മീഡിയ വണ്‍ - 13 എന്നിങ്ങനെയാണ് റേറ്റിംഗ്. മീഡിയാ വണ്ണിന് തീര്‍ത്തും നിരാശാജനകമാണ് കടന്നു പോയ ആഴ്ചയും. കൈരളി ന്യൂസിനെ ശക്തമായ മത്സരത്തിലാണ് ജനം ടിവി പിന്നിലാക്കുന്നതെന്നതും ശ്രദ്ധേയം. എല്ലാം എപ്പോള്‍ വേണമെങ്കിലും മാറി മറിയാം. ഓണക്കാലത്ത് പരസ്യം നല്‍കുന്നവരേയും ഈ കണക്കുകള്‍ സ്വാധീനിക്കും. വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് കേരളത്തിലുള്ളത്. ഷിരൂരിലേയും വയനാട്ടിലേയും രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് എത്തി. അതു കഴിഞ്ഞ് പിവി അന്‍വറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും. ഇതില്‍ പല ഫോണ്‍ സംഭാഷണവും എത്തിയത് റിപ്പോര്‍ട്ടറിലൂടെയാണ്. പിവി അന്‍വറിനെ തുണയ്ക്കുന്ന റിപ്പോര്‍ട്ടിംഗ് ശൈലി റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്നോട്ട് വച്ചു. മുട്ടില്‍ മരം മുറിയിലെ വിവാദങ്ങളൊന്നും ചാനലിന് ബാര്‍ക്ക് റേറ്റിംഗില്‍ പ്രശ്‌നമായില്ല. അങ്ങനെ മലയാള ന്യൂസ് ടിവി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് വരുന്നു. അവര്‍ക്ക് എത്രത്തോളം മുമ്ബോട്ട് പോകാന്‍ കഴിയുമെന്നത് നിര്‍ണ്ണായകമാണ്. ഫ്‌ളവേഴ്‌സ് ടിവിയുമായാണ് ശ്രീകണ്ഠന്‍ നായര്‍ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ സ്വന്തം സ്ഥാപനം അടയാളപ്പെടുത്തിയത്. ഏഷ്യാനെറ്റിലേയും മഴവില്‍ മനോരമയിലേയും എല്ലാം പ്രവര്‍ത്തന പരിചയത്തില്‍ ഫ്‌ളവേഴ്‌സിനെ ഏഷ്യാനെറ്റ് എന്റര്‍ടെയിന്‍മെന്റ് ചാനലിന് പിന്നില്‍ രണ്ടാമത് എത്തിച്ചു ശ്രീകണ്ഠന്‍ നായര്‍. എന്നാല്‍ പിന്നീട് അത് മാറി. ഏഷ്യാനെറ്റിനും മഴവില്ലിനും സീ കേരളയ്ക്കും പിന്നിലാണ് ഫ്‌ളവേഴ്‌സ്. ഇതിനിടെയില്‍ വാര്‍ത്താ അവതരണത്തിലൂടെ ശ്രീകണ്ഠന്‍ നായര്‍ ട്വന്റി ഫോറിനെ മുന്നോട്ട് നയിച്ചു. പക്ഷേ അവിടേയും 2024ലെ 36-ാം ആഴ്ചയില്‍ പിഴച്ചു. സമകാലിക വിഷയങ്ങളില്‍ എല്ലാം കരുതലോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ട്. പ്രൈംടൈമില്‍ വിനു വി ജോണിനേയും നിറച്ചു. ഹേമാ കമ്മറ്റിയില്‍ അടക്കം മിതത്വം പാലിച്ച് ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ നല്‍കി. അന്‍വര്‍ വിഷയത്തിലും ഒരു പക്ഷവും പിടിക്കാതെ നേരോടെ നിര്‍ഭയം സത്യം പറഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് അവരുടെ ഒന്നാം സ്ഥാനം. എന്നാല്‍ റിപ്പോര്‍ട്ടറിന്റെ സോഷ്യല്‍ മീഡിയയെ കൈയ്യിലെടുക്കുന്ന റിപ്പോര്‍്ട്ടിംഗ് രീതിയെ ഏഷ്യാനെറ്റ് ന്യൂസും കരുതലോടെ കാണേണ്ടതുണ്ട്.